പിണറായി വിജയന്റെ വീടിനു മുന്നിലെ പൊലീസ് ജീപ്പ്…

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പിണറായി പാണ്ട്യാലമുക്കിലെ ‘പ്രവിക്’ വീടിനു മുന്നിൽ കാവലിനായി ഉപയോഗിച്ചിരുന്ന പൊലീസ് ജീപ്പ് നീക്കം ചെയ്തു. വാഹനം മാറ്റിയെങ്കിലും വീടിനു മുന്നിലെ പൊലീസ് കാവൽ തുടരും. പകരം സംവിധാനമൊരുക്കാതെ ജീപ്പ് മാറ്റിയതോടെ ഡ്യൂട്ടിയിലുള്ള പൊലീസുകാർ കൂടുതൽ ദുരിതത്തിലായിരിക്കുകയാണ്.
കെഎൽ 01 ബിആർ 9569 നമ്പർ ജീപ്പാണ് കഴിഞ്ഞ ദിവസം അർധരാത്രിയോടെ എആർ ക്യാംപിലെ പൊലീസുകാർ എത്തി കെട്ടിവലിച്ച് മാറ്റിയത്. ഏറെക്കാലമായി സ്റ്റാർട്ട് ചെയ്യാൻ കഴിയാത്ത നിലയിലായിരുന്ന വാഹനമാണ് നീക്കം ചെയ്തത്.
പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് വീടു കാണാനും ദൃശ്യങ്ങൾ പകർത്താനുമായി ആളുകൾ എത്തുന്നത് പതിവായതോടെയാണ് വീടിനു മുന്നിൽ ജീപ്പിൽ പൊലീസ് കാവൽ ഏർപ്പെടുത്തിയത്. ഒരു എസ്ഐയും രണ്ട് പൊലീസുകാരുമാണ് ഒരു ഷിഫ്റ്റിൽ ഇവിടെ ഡ്യൂട്ടിയിലുള്ളത്.



