പിണറായി സർക്കാരിലെ മന്ത്രിമാരെ രൂക്ഷമായി വിമർശിച്ച് സിഐടിയു സമ്മേളനം

സിഐടിയു സംസ്ഥാന സമ്മേളനത്തിൽ ഇടത് സർക്കാരിലെ മന്ത്രിമാർക്കെതിരെ രൂക്ഷ വിമർശനം. ഒന്നാം പിണറായി സർക്കാർ രണ്ടാം പിണറായി സർക്കാരിന് വഴിയൊരുക്കിയപ്പോൾ രണ്ടാം പിണറായി സർക്കാർ സതീശൻ സർക്കാരിന് വഴിയൊരുക്കി എന്നാണ് ഉയർന്ന വിമർശനം. മന്ത്രി ആയിരുന്ന പി രാജീവിൻറേത് തൊഴിലാളി വിരുദ്ധ സമീപനങ്ങളായിരുന്നെന്നും പ്രതിനിധികൾ വിമർശിച്ചു. തൊഴിലാളി നേതാവ് വ്യവസായ മന്ത്രിയായപ്പോൾ പി രാജീവ് തൊഴിലാളികളെ മറന്നുവെന്നും തൊഴിലാളി യൂണിയൻ നേതാക്കൾക്ക് മന്ത്രിയെ കാണാൻ കഴിയാത്ത സ്ഥിതിയുണ്ടായിയെന്നും സമ്മേളനത്തിൽ വിമർശനം ഉയർന്നു.
സിഐടിയു സംസ്ഥാന സമ്മേളനം കോട്ടയത്ത് തുടരുകയാണ്. സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഇന്ന് സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കും. ഇന്നലെ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിന്മേലുള്ള ചർച്ച പൂർത്തിയാക്കി. കഴിഞ്ഞ ഇടത് സർക്കാരിനെതിരെ രൂക്ഷവിമർശനങ്ങളാണ് ചർച്ചകളിൽ ഉയർന്നത്. വിവിധ വിഷയങ്ങളിൽ ഇന്നും ചർച്ച നടക്കുകയാണ്. നാളെയാണ് സമ്മേളനം അവസാനിക്കുക. സമാപന സമ്മേളനത്തിൽ ഒരു ലക്ഷം തൊഴിലാളികളെ പങ്കെടുപ്പിക്കും എന്നാണ് നേതൃത്വം പറയുന്നത്. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.



