പന്നികളെ വെടിവെയ്ക്കാൻ അനുമതി.. പക്ഷെ മരിച്ച ‘ഉണ്ണീരി’ തന്നെ എത്തണം.. പൊറുതിമുട്ടി ജനം….
പന്നി ആക്രമണം രൂക്ഷമായ പഞ്ചായത്തിൽ പന്നികളെ വെടിവെയ്ക്കാൻ അനുമതി നൽകിയിരിക്കുന്നത് മരിച്ച ഉണ്ണീരിക്ക്. നാട്ടിൽ പന്നിയിറങ്ങിയാൽ വെടിവെക്കണമെങ്കിൽ രണ്ടുവർഷം മുൻപ് മരിച്ചയാളെ കാത്തുനിൽക്കണം എന്നതാണ് കാളികാവ് പഞ്ചായത്തിലെ ജനങ്ങളുടെ അവസ്ഥ. വനം വന്യജീവി വകുപ്പ് തയ്യാറാക്കി കാളികാവ് പഞ്ചായത്തിനു നൽകിയ പട്ടികയിലാണ് മരിച്ച പൂങ്ങോട് സ്വദേശി ഉണ്ണീരിക്ക് പന്നികളെ വെടിവെക്കാനുള്ള അനുമതി നൽകിയിട്ടുള്ളത്. രണ്ടുവർഷം മുൻപ് ഇദ്ദേഹം മരിച്ചിരുന്നു.
പാലക്കാട് ഫോറസ്റ്റ് ചീഫ് കൺസർവേറ്റർ ഓഫീസർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസുകളിലേക്കയച്ച എംപാനൽ പട്ടികയിലെ പിഴവ് മൂലമാണ് മരിച്ച ഉണ്ണീരിയും പട്ടികയിൽ പെട്ടത്.പണ്ട് തയ്യാറാക്കിയ പട്ടിക പുനഃപരിശോധിക്കാതെ വനം വകുപ്പ് വീണ്ടും പ്രസിദ്ധീകരിക്കുകയായിരുന്നു. കാളികാവിൽ മൂന്നുമാസത്തിനുള്ളിൽ പത്തിലേറെ പേർക്ക് പന്നിയുടെ ആക്രമണത്തിൽ പരിക്ക് പറ്റിയിട്ടുണ്ട്.