ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു… തൃക്കാക്കര മോർഫിംഗ് കേസിൽ കൂടുതൽ വിവരങ്ങൾ

കൊച്ചി: തൃക്കാക്കര ഭാരത് മാതാ കോളേജിലെ മോർഫിംഗ് കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതിയായ ശ്രീഹരി ബന്ധുക്കളുടേത് അടക്കമുള്ള ഫോട്ടോകൾ മോർഫ് ചെയ്തിട്ടുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ പറഞ്ഞു. ചിത്രങ്ങൾ കൈമാറുന്നതിനായി നാലോ അഞ്ചോ പേർ മാത്രമുള്ള രഹസ്യ ഗ്രൂപ്പാണ് ഉപയോഗിച്ചിരുന്നതെന്നും പൊലീസ് വ്യക്തമാക്കി. മോർഫിംഗ് നടത്താൻ ഏത് ആപ്പാണ് ഉപയോഗിച്ചതെന്ന് പരിശോധിച്ചുവരികയാണ്. കേസിൽ അന്വേഷണം തുടരുകയാണെന്നും കൂടുതൽ പേർ അന്വേഷണപരിധിയിൽ വരുന്നതായും കമ്മീഷണർ അറിയിച്ചു.

കേസന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. പ്രതികൾ ഏറ്റവും പുതിയ ഐഫോണാണ് ഉപയോഗിച്ചിരുന്നതെന്നും മോർഫ് ചെയ്ത ചിത്രങ്ങൾ ടെലഗ്രാം വഴിയാണ് പ്രചരിപ്പിച്ചതെന്നും പൊലീസ് വ്യക്തമാക്കി. കോളേജ് മാഗസിനുമായി ബന്ധപ്പെട്ട് ഉൾപ്പെടെ പ്രവർത്തിക്കുന്ന വിദ്യാർഥിയാണ് ശ്രീഹരി. കേസുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ ഇപ്പോൾ പുറത്തുപറയാനാകില്ലെന്നും പൊലീസ് അറിയിച്ചു. അതേസമയം, മലപ്പുറം, കോട്ടയം ജില്ലകളിൽ റിപ്പോർട്ട് ചെയ്ത സമാന കേസുകളുമായി കൊച്ചിയിലെ സംഭവത്തിന് നിലവിൽ ബന്ധം കണ്ടെത്തിയിട്ടില്ലെന്ന് കമ്മീഷണർ വ്യക്തമാക്കി. മറ്റ് കോളേജുകളിലും സമാന സംഘം പ്രവർത്തിക്കുന്നതായി കണ്ടെത്തിയിട്ടില്ലെന്നും വിദ്യാർഥികളും രക്ഷിതാക്കളും കൂടുതൽ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കേസിലെ മുഖ്യസൂത്രധാരൻ മലപ്പുറം സ്വദേശിയായ വിദ്യാർഥിയാണെന്നാണ് പ്രതി ശ്രീഹരി പൊലീസിന് നൽകിയ മൊഴി. ഒളിവിൽ പോയ ഇയാൾക്കായി അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഘത്തിൽ കോളേജിലെ വിദ്യാർഥികളും ഉൾപ്പെട്ടിരുന്നതായാണ് പൊലീസിന്റെ കണ്ടെത്തൽ. പതിനായിരത്തോളം അംഗങ്ങളുള്ള ടെലഗ്രാം ഗ്രൂപ്പിലും മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കേസിൽ കൂടുതൽ പേരുടെ അറസ്റ്റ് ഉടൻ ഉണ്ടായേക്കുമെന്നാണ് വിവരം.

Related Articles

Back to top button