വീടുകളിൽ എത്തിക്കേണ്ട പെൻഷൻ യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ… മലപ്പുറത്ത് ലീഗ്-കോൺഗ്രസ് നേതാക്കൾക്കെതിരെ സിപിഎം

സംസ്ഥാനത്തെ സൗജന്യ ക്ഷേമ പെൻഷനുകൾ ഗുണഭോക്താക്കളുടെ വീടുകളിൽ നേരിട്ട് എത്തിച്ചു നൽകണമെന്ന സർക്കാർ ഉത്തരവ് യുഡിഎഫ് കാറ്റിൽപ്പറത്തിയെന്ന് സിപിഎം. മലപ്പുറം പുൽപ്പറ്റയിലെ കാരാപ്പറമ്പിൽ പ്രായമായവർ ഉൾപ്പെടെയുള്ള പെൻഷൻ ഗുണഭോക്താക്കളെ യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലേക്ക് വിളിച്ചുവരുത്തി പണം വിതരണം ചെയ്തതായാണ് സിപിഎം ആരോപിക്കുന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നിട്ടുണ്ട്.

പുൽപ്പറ്റ സർവീസ് സഹകരണ ബാങ്ക് ഉദ്യോഗസ്ഥനായ അക്ബർ, പഞ്ചായത്ത് പ്രസിഡന്റ് എൻ.കെ ഫൗസിയ, യൂത്ത് ലീഗ് പഞ്ചായത്ത് ഭാരവാഹി വാഹിദ് എന്നിവരുടെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ വച്ച് പെൻഷൻ വിതരണം നടന്നതെന്ന് സിപിഎം വ്യക്തമാക്കി. പെൻഷൻ തുക കൃത്യമായി ഗുണഭോക്താക്കളുടെ വീട്ടിൽ എത്തിക്കുന്നതിനായി വിതരണ ഏജന്റിന് 25 രൂപയും ബാങ്കിന് 5 രൂപയും ഉൾപ്പെടെ 30 രൂപ വീതം ഓരോ പെൻഷനിലും സർക്കാർ അധികമായി അനുവദിക്കുന്നുണ്ട്. എന്നാൽ ഈ തുക വാങ്ങി പോക്കറ്റിലിട്ട ശേഷമാണ്, പെൻഷൻ വേണമെങ്കിൽ പാർട്ടി ഓഫീസിലേക്ക് വരണമെന്ന നിലപാട് ഇവർ സ്വീകരിച്ചതെന്ന് സിപിഎം ആരോപിച്ചു.

പെരുന്നാളിന് മുന്നേ നൽകുമെന്ന് പ്രഖ്യാപിച്ച പെൻഷൻ, പെരുന്നാൾ കഴിഞ്ഞിട്ടും ലഭിക്കാതിരുന്ന സാഹചര്യമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ പണം കൈപ്പറ്റാനുള്ള അത്യാവശ്യം കാരണം ഗുണഭോക്താക്കൾ മറിച്ചൊന്നും പറയാതെ പാർട്ടി ഓഫീസിൽ എത്തുകയായിരുന്നു. ജനങ്ങളുടെ ഈ ദയനീയ സാഹചര്യം മുതലെടുത്ത്, സ്വന്തം പാർട്ടി ഓഫീസിന് മുന്നിൽ പാവങ്ങളെ ക്യൂ നിർത്തിച്ച ലീഗ്-കോൺഗ്രസ് നേതാക്കളുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരണമെന്നും സിപിഎം ആവശ്യപ്പെട്ടു.

Related Articles

Back to top button