വീട് നിറയെ പാമ്പുകൾ, തലചായ്ക്കാൻ ഇടമില്ലാതെ കുടുംബം

നേരം സന്ധ്യമയങ്ങിയാൽ പിന്നെ സ്വന്തം വീട് വിട്ടു പോകേണ്ട അവസ്ഥയിൽ പിടവൂർ മൂലംകോട് രാജേഷ് ഭവനിൽ രാജേഷും രണ്ട് പെൺമക്കളും ഒന്ന് കണ്ണടച്ചിട്ട് ഒരാഴ്ചയിലേറെയായി. മകളെ പാമ്പ് കടിച്ചതിന് പിന്നാലെ വീട്ടിൽ നിരന്തരം പാമ്പിനെ കാണുന്നതാണ് ഇവരുടെ ജീവിതം ദുരിതത്തിലാക്കിയിരിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് പത്താം ക്ലാസ് വിദ്യാർഥിനി കൂടിയായ മകൾ രേവതിക്ക് ഉറങ്ങിക്കിടന്നപ്പോൾ പാമ്പിന്റെ കടിയേറ്റത്. പുനലൂർ താലൂക്കാശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രേവതി അപകടനില തരണംചെയ്തെങ്കിലും വീട്ടിൽ പാമ്പിന്റെ ശല്യം വിട്ടുമാറിയില്ല.



