ചലനശേഷി വളരെ കുറവ്.. ഉറക്കത്തിനിടയിൽ ശരീരത്തിലൂടെ ഇഴഞ്ഞുനീങ്ങുന്ന സംശയം.. വൃദ്ധന് അത്ഭുത രക്ഷപ്പെടൽ

പക്ഷാഘാതം ബാധിച്ച വൃദ്ധനെ നാല് മണിക്കൂറോളം ചുറ്റിവരിഞ്ഞ് വിഷപ്പാമ്പ്. ഹരഭംഗ ബ്ലോക്കിന് കീഴിലുള്ള അഡെനിഗഡ് ഗ്രാമത്തിലാണ് സംഭവം നടന്നത്. പക്ഷാഘാതത്തെ തുടർന്ന് ചലനശേഷി നഷ്ടപ്പെട്ട കൃഷ്ണ ചന്ദ്ര സാഹുവിന്റെ കയ്യിലാണ് പാമ്പ് ചുറ്റിയത്.
രാത്രി സാഹു ഉറങ്ങിക്കിടക്കുമ്പോഴാണ് സംഭവം നടന്നതെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. മുറിയിലെ ഒരു ജനൽ തുറന്നിട്ടിരുന്നതിനാൽ പാമ്പ് അതുവഴി വീട്ടിലേക്ക് കയറിയാതാകാമെന്നാണ് കരുതുന്നത്. ഉറക്കത്തിനിടയിൽ എന്തോ ഒന്ന് തന്റെ ശരീരത്തിലൂടെ ഇഴഞ്ഞുനീങ്ങുന്നതായി അദ്ദേഹത്തിന് മനസിലായിരുന്നു.
ഭയന്ന അയാൾ കിടക്കയിൽ നിന്നും മാറാൻ ശ്രമം നടത്തിയെങ്കിലും പാമ്പ് പെട്ടെന്ന് ഒരു കയ്യിൽ ചുറ്റി. ബാക്കി ഭാഗം കട്ടിലിനടുത്തെ കസേരയിലും ചുറ്റി. ഇതോടെ അദ്ദേഹത്തിന് അനങ്ങാൻ കഴിയാതെയായി. ചലനശേഷി വളരെ കുറവായതിനാൽ, സഹായത്തിനായി കാത്തിരിക്കുക മാത്രമാണ് അയാൾക്ക് ചെയ്യാനായത്.
പുലർച്ചയോടെ അസ്വാഭാവികത തോന്നിയ വീട്ടുകാർ വന്ന് നോക്കുമ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. ഒടുവിൽ ജാഗ്രതയോടെ പാമ്പിനെ മാറ്റി ആളെ രക്ഷിക്കുകയായിരുന്നു. മണിക്കൂറുകളോളം വിഷപ്പാമ്പിനൊപ്പം കഴിഞ്ഞിട്ടും അത് സാഹുവിനെ ആക്രമിച്ചില്ല എന്നതാണ് അത്ഭുതം.



