2024 മുതൽ ചാരവൃത്തി? പാക് രഹസ്യാന്വേഷണ ശൃംഖലയുമായി

പാകിസ്ഥാൻ്റെ ഇൻ്റർ-സർവീസസ് ഇൻ്റലിജൻസിൻ്റെ പിന്തുണയുള്ള ഒരു ചാര ശൃംഖലയുമായി ബന്ധമുണ്ടെന്ന സംശയത്തിൽ ഡൽഹിയിൽ യുവ ദമ്പതികൾ അറസ്റ്റിൽ. 2024 മുതൽ ചാരവൃത്തി നടത്തിയെന്നാരോപിച്ചാണ് അറസ്റ്റ്. സഹീൽ ഭാര്യ സമീറാ എന്നിവരാണ് അറസ്റിലായത്. ഇവർ പാകിസ്ഥാനിലെ രഹസ്യാന്വേഷണ ഏജൻ്റുമാരുമായി ബന്ധം പുലർത്തുകയും, ഇന്ത്യയുമായി ബന്ധപ്പെട്ട അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ അവർക്ക് കൈമാറാൻ സഹായിക്കുകയും ചെയ്തു.
സാമൂഹ്യ മാധ്യമങ്ങൾ വഴിയാണ് ഇവർ പാക് ഏജന്റുമാരുമായി ബന്ധം പുലർത്തിയിരുന്നത്. ഇവർ 8 ഇന്ത്യൻ സിം കാർഡുകൾ പാകിസ്ഥാനിലേക്ക് അയച്ചു. ദുബായ് വഴിയാണ് സിം കാർഡുകൾ കടത്തിയത്. സിം കാർഡുകൾക്ക് 30,000 പ്രതിഫലം കൈപ്പറ്റി. ഇന്ത്യൻ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ കയറി വിവരശേഖരണം നടത്തിയെന്നും അന്വേഷണ സംഘം വിശദമാക്കി. കാന്റോൺമെന്റ് മേഖലകളുടെ വിവരങ്ങൾ ശേഖരിച്ചു. സൈനിക ഉദ്യോഗസ്ഥരുടെ വിവരങ്ങളും ലക്ഷ്യമിട്ടുവെന്നാണ് സ്പെഷ്യൽ സെൽ വിശദമാക്കുന്നത്.
2024 നും 2025 നും ഇടയിൽ ദമ്പതികൾ ദുബായ് വഴി എട്ട് ഇന്ത്യൻ സിം കാർഡുകൾ പാകിസ്ഥാനിലേക്ക് അയച്ചു നൽകിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഈ ഫോൺ നമ്പറുകൾ ഉപയോഗിച്ച് മെസ്സേജിംഗ് ആപ്പുകളിൽ അക്കൗണ്ടുകൾ തുറക്കുകയും ഇന്ത്യൻ ഗ്രൂപ്പുകളിൽ വിവരങ്ങൾ ചോർത്താനായി പ്രവേശിക്കുകയും ചെയ്തിരുന്നതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഇന്ത്യയുടെ തന്ത്രപ്രധാനമായ വിവരങ്ങൾ ശേഖരിക്കുന്നതിനായി പ്രവർത്തിച്ച ഈ ദമ്പതികളെ സ്പെഷ്യൽ സെൽ ചോദ്യം ചെയ്തുവരികയാണ്. പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് ഇന്ത്യയ്ക്കുള്ളിൽ അനധികൃതമായി പ്രവർത്തിക്കാൻ സഹായം നൽകിയതാണ് ഇവർക്കെതിരെയുള്ള പ്രധാന ആരോപണം.
രഹസ്യാന്വേഷണ ശൃംഖല തകർക്കുന്നതിനും സംഭവത്തിന് പിന്നിലുള്ള കൂടുതൽ വിവരങ്ങൾ പുറത്തുകൊണ്ടുവരുന്നതിനുമായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
സാഹിലിനെയും സമീറയെയും അറസ്റ്റ് ചെയ്തതിലൂടെ, പാകിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന രഹസ്യാന്വേഷണ ശൃംഖലയെക്കുറിച്ചും ഇന്ത്യയിൽ അവർക്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന ബന്ധങ്ങളെക്കുറിച്ചും നിർണായകമായ വിവരങ്ങൾ ലഭിച്ചതായി സ്പെഷ്യൽ സെൽ അറിയിച്ചു.




