അവയവ വിൽപന തട്ടിപ്പ്…. മുഖ്യപ്രതി നജീബ് ഡൽഹിയിൽ പിടിയിൽ… വലയിലായത് വൻ റാക്കറ്റ്

കൊച്ചി: കേരളത്തെ നടുക്കിയ അവയവ വിൽപന റാക്കറ്റിലെ മുഖ്യസൂത്രധാരൻ നജീബ് (41) പിടിയിൽ. ഒളിവിലായിരുന്ന കാസർകോട് സ്വദേശിയായ നജീബിനെ ഡൽഹിയിലെ ഗാസിയാബാദിൽ നിന്നാണ് കേരള പോലീസ് പിടികൂടിയത്. മെഡിക്കൽ ടൂറിസം കമ്പനിയുടെ മറവിൽ അന്താരാഷ്ട്ര തലത്തിൽ വരെ നീളുന്ന വൻ റാക്കറ്റിനെ നിയന്ത്രിച്ചിരുന്നത് ഇയാളാണെന്ന് പോലീസ് കണ്ടെത്തി.
കാസർകോട് സ്വദേശി നജീബ്. ഇയാളുടെ ഭാര്യ ഉൾപ്പെടെ കേസിൽ ഇതുവരെ 9 പേർ അറസ്റ്റിലായിട്ടുണ്ട്. കൊല്ലം സ്വദേശികളായ ശ്രീജ (40), സുധീർ (31) എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു. മെഡിക്കൽ ടൂറിസം കമ്പനിയുടെ മറവിൽ നജീബ് നടത്തിയ വിദേശ യാത്രകളെക്കുറിച്ചും അന്താരാഷ്ട്ര ബന്ധങ്ങളെക്കുറിച്ചും പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. കഴിഞ്ഞ മൂന്ന് വർഷത്തോളമായി സംസ്ഥാനത്തുടനീളം ഈ സംഘം വ്യാജരേഖകൾ ചമച്ച് അവയവ വിൽപന നടത്തിവരികയായിരുന്നു. എം.എൽ.എമാർ, എം.പിമാർ, ഡോക്ടർമാർ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവരുടെ ലെറ്റർപാഡുകളും സീലുകളും വ്യാജമായി നിർമ്മിച്ചായിരുന്നു തട്ടിപ്പ്.
സമ്മതപത്രങ്ങൾ, സത്യവാങ്മൂലം, മെഡിക്കൽ സർട്ടിഫിക്കറ്റുകൾ എന്നിവ വ്യാജമായി നിർമ്മിച്ച് അവയവ കൈമാറ്റത്തിന് നിയമസാധുതയുണ്ടെന്ന് വരുത്തിത്തീർത്തു. പ്രതികളിൽ നിന്ന് വ്യാജ ആധാർ കാർഡുകൾ, മൊബൈൽ ഫോണുകൾ, വ്യാജ സീലുകൾ എന്നിവ പോലീസ് റെയ്ഡിൽ കണ്ടെടുത്തു. സാമ്പത്തിക ലാഭത്തിനായി അവയവം നൽകിയ വിനോദ് എന്ന യുവാവിനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വ്യാജ രേഖകളിലൂടെ അവയവദാനം നടത്തിയ മറ്റുള്ളവരെ കണ്ടെത്താൻ മെഡിക്കൽ വിദഗ്ധരുടെ സഹായം തേടുമെന്ന് പോലീസ് അറിയിച്ചു. പ്രതിയെ ഉടൻ കേരളത്തിലെത്തിച്ച് കൂടുതൽ ചോദ്യം ചെയ്യുന്നതോടെ തട്ടിപ്പിന്റെ വ്യാപ്തി പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.



