തിരുവോണം ബമ്പറിന്റെ പേരിൽ ഓണ്‍ലൈന്‍ തട്ടിപ്പ്… 500 രൂപ വരുന്ന ടിക്കറ്റ്….

കൊച്ചി: തിരുവോണം ബമ്പറിന്റെ പേരിൽ എഐ ഉപയോഗിച്ച് വ്യാജ ടിക്കറ്റ് നിർമിച്ച് ഓൺലൈൻ തട്ടിപ്പ്. സെപ്റ്റംബർ 26ന് നറുക്കെടുപ്പ് നടക്കാനിരിക്കുന്ന തിരുവോണം ബമ്പറിന്റെ പേരിലാണ് വ്യാജ ടിക്കറ്റുകൾ വ്യാപകമായി വിൽക്കുന്നത്. തട്ടിപ്പിനിരയായവരിൽ അധികവും ഇതര സംസ്ഥാനക്കാരാണെന്നാണ് വിവരം. യഥാർഥത്തിൽ 500 രൂപ വിലയുള്ള തിരുവോണം ബമ്പർ ടിക്കറ്റ് 149 രൂപയ്ക്ക് നൽകാമെന്ന വാഗ്ദാനമാണ് തട്ടിപ്പുകാർ നൽകുന്നത്. വ്യാജ ടിക്കറ്റിൽ യഥാർഥ സമ്മാനത്തുകയായ 30 കോടിക്ക് പകരം 25 കോടിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിവിധ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴിയാണ് ടിക്കറ്റിന്റെ വിൽപ്പന നടക്കുന്നത്.

ടിക്കറ്റ് വാങ്ങിയതിന് പിന്നാലെ സമ്മാനം ലഭിച്ചെന്ന് അറിയിച്ച് ഫോൺ കോൾ എത്തുന്നതാണ് തട്ടിപ്പിന്റെ അടുത്ത ഘട്ടം. സമ്മാനത്തുക ലഭിക്കണമെങ്കിൽ രജിസ്ട്രേഷൻ ഫീസ് അടയ്ക്കണമെന്നും മറ്റ് ആവശ്യങ്ങൾക്കായി പണം നൽകണമെന്നും ആവശ്യപ്പെടും. പണം നൽകിയ ശേഷമാണ് പലരും തട്ടിപ്പിനിരയായ വിവരം തിരിച്ചറിയുന്നത്. കേരള ലോട്ടറിയുടെ പേരിൽ തമിഴ്നാട്ടിലും വ്യാപക തട്ടിപ്പ് നടക്കുന്നതായി തമിഴ്നാട് സ്വദേശി മുരുകൻ പറഞ്ഞു. സോഷ്യൽ മീഡിയ വഴിയാണ് തട്ടിപ്പുകാർ സന്ദേശങ്ങൾ അയക്കുന്നത്. ടിക്കറ്റ് വാങ്ങിയതിന് പിന്നാലെ സമ്മാനം ലഭിച്ചെന്ന് പറഞ്ഞ് ഫോൺ വിളിക്കുകയും സമ്മാനത്തുക ലഭിക്കുന്നതിനായി പണം ആവശ്യപ്പെടുകയുമാണ് ചെയ്യുന്നതെന്ന് മുരുകൻ വ്യക്തമാക്കി. ഓൺലൈൻ ലോട്ടറി തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണെന്നും ഇത്തരം വ്യാജ വാഗ്ദാനങ്ങളിൽ വീഴാതെ ജാഗ്രത പാലിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.

Related Articles

Back to top button