മാസപ്പടിയിൽ എജിയുടെ നിയമോപദേശം കിട്ടി… മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനമെന്ന്…

പത്തനംതിട്ട: മാസപ്പടി കേസിൽ എജിയുടെ നിയമോപദേശം ലഭിച്ചെന്നും പരിശോധിച്ച ശേഷം മേൽനടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. വിഷയത്തിൽ മുഖ്യമന്ത്രിയുമായി ആലോചിച്ചാകും അന്തിമ തീരുമാനം. ഇഡിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് നിയമോപദേശം തേടിയതെന്നും ചെന്നിത്തല പറഞ്ഞു. മാസപ്പടി കേസിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ഇഡിയുടെ ശുപാർശയിൽ അന്വേഷണം നടത്താമെന്നാണ് സർക്കാരിന് ലഭിച്ച നിയമോപദേശം.

ഏത് ഏജൻസിയെ ഉപയോഗിച്ച് അന്വേഷണം നടത്തണമെന്നത് സർക്കാരിന് തീരുമാനിക്കാം. സുപ്രീംകോടതി വിധികൾ ഉൾപ്പെടെയുള്ള നിയമവശങ്ങൾ പരിശോധിച്ചാണ് എജി നിയമോപദേശം നൽകിയതെന്നും ചെന്നിത്തല വ്യക്തമാക്കി. ഡിജിപിയുടെ അഭിപ്രായവും നിയമോപദേശത്തിൽ പരിഗണിച്ചിട്ടുണ്ട്. ഇതോടെ വിഷയത്തിൽ സർക്കാർ തീരുമാനം ഉടൻ ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷ. അതേസമയം, മുഖ്യമന്ത്രി വിഡി സതീശനും രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ ഇഡി വിഷയം ചർച്ച ചെയ്യേണ്ട സാഹചര്യമില്ലെന്നും ചെന്നിത്തല പറഞ്ഞു. വിഷയം സംസാരിച്ചിട്ടുണ്ടോയെന്ന് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലെ എല്ലാ മാധ്യമങ്ങളുമായി നല്ല ബന്ധമാണുള്ളതെന്നും എസ്ഐടി സ്വതന്ത്രമായി പ്രവർത്തിക്കുമെന്നും ചെന്നിത്തല പറഞ്ഞു. അടൂർ സ്വദേശിയായ ദളിത് യുവാവിനെ പൊലീസ് മർദ്ദിച്ചെന്ന പരാതിയിലും കർശന നടപടി ഉണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി. ശാസ്താംകോട്ട പൊലീസിനെതിരായ പരാതി അന്വേഷിക്കാൻ എസ്ഐടിയെ നിയോഗിച്ചിട്ടുണ്ടെന്നും ചെന്നിത്തല അറിയിച്ചു.

Related Articles

Back to top button