കോവളം സ്പാ പീഡനക്കേസിൽ ഒരാൾകൂടി പിടിയിൽ

കോവളം സ്പാ പീഡനക്കേസിൽ ഒരാൾകൂടി പിടിയിൽ. കേസിലെ 14ാം പ്രതിയാണ് ഇയാൾ. തമിഴ്‌നാട് വല്ലിയൂർ സ്വദേശി വീരപാണ്ഡിയനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പൂന്തുറ സ്വദേശി മോജോ, പുതിയതുറ സ്വദേശി സുധീഷ് എന്നിവർ അടുത്ത ദിവസങ്ങളിൽ പിടിയിലായിരുന്നു. സ്പായിൽ പലതവണ എത്തി പെൺകുട്ടിയെ പീഡിപ്പിച്ചതായാണ് കണ്ടെത്തൽ. സ്പായിൽ നടത്തിയ പരിശോധനയിൽ ലഭിച്ച ദൃശ്യങ്ങളും സാമ്പത്തിക ഇടപാടുകളും പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. കേസിൽ ആദ്യം സ്പാ നടത്തിപ്പുകാരെയും പിന്നീട് ഇടനിലക്കാരെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്നുള്ള അന്വേഷണത്തിലാണ് പെൺകുട്ടിയെ പീഡിപ്പിച്ചവരെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്.

പെൺകുട്ടിയെ കൂടുതൽ പേർ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം തുടരുകയാണ്. വരും ദിവസങ്ങളിലും കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നാണ് പോലീസ് നൽകുന്ന സൂചന. ആന്ധ്രാപ്രദേശ് സ്വദേശിനിയായ പെൺകുട്ടിയെ ജോലിക്കെന്ന പേരിൽ സ്പാകളിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ഒരു വർഷത്തോളമായി കോവളത്തെ മൂന്ന് സ്പാകളിൽ പെൺകുട്ടി പീഡനത്തിന് ഇരയായെന്നാണ് കണ്ടെത്തൽ. ആയുർകേരള, ഡാലിയ ഹോം, കേരള ആയുർവേദ എന്നീ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് അതിക്രമങ്ങൾ നടന്നതെന്നാണ് അന്വേഷണസംഘത്തിൻറെ കണ്ടെത്തൽ.

Related Articles

Back to top button