രണ്ട് ക്രൂര കൊലപാതകങ്ങൾ മാത്രമല്ല, വേറെയും ക്രൂരകൃത്യങ്ങൾ….

ഇടുക്കി നെടുംകണ്ടത്ത് അമ്മയെയും സഹോദരനെയും കൊന്ന് കുഴിച്ചു മൂടിയ കേസിലെ പ്രതിയായ സജിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. ഇരട്ടക്കൊലപാതകമല്ലാതെ മറ്റെന്തൊക്കെ കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടെന്ന് കണ്ടെത്താനാണ് പൊലീസ് നീക്കം. ഇടുക്കി നെടുംകണ്ടം പച്ചടി സ്വദേശി മേരിക്കുട്ടിയെയും മൂത്ത മകൻ റെജിയെയും കൊന്ന കേസിലാണ് ഇളയ മകൻ സജിയെ പോലീസ് അറസ്റ്റ് ചെയ്തത്.

പീരുമേട് ജയിലിൽ കഴിഞ്ഞിരുന്ന സജിയെ നാലു ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. മൃതദേഹങ്ങൾ കുഴിച്ചിടാനുപയോഗിച്ച മൺവെട്ടിയും സജിയുടെ മൊബൈൽ ഫോണും കണ്ടെത്താനുണ്ട്. ഒളിവിൽ കഴിഞ്ഞ സമയത്ത് മലമുകളിൽ ഫോൺ ഉപേക്ഷിച്ചെന്നാണ് സജി പോലീസിനോട് പറഞ്ഞത്. ഇത് കണ്ടെത്താൻ സജിയുമായി സ്ഥലത്ത് തെരച്ചിൽ നടത്തും. അമ്മയെയും സഹോദരനെയും കൊലപ്പെടുത്താൻ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോയെന്നും ചോദ്യം ചെയ്യും.

2018 ൽ സജിയുടെ അച്ഛൻ മാത്യുവിനെ കാണാതായിരുന്നു. ഇതിനു പിന്നിൽ സജിയുണ്ടോ എന്നുള്ളത് കണ്ടെത്താനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. അന്ന് നടത്തിയ അന്വേഷണത്തിൽ മാത്യു നെടുംകണ്ടെത്ത് നിന്നും ബസിൽ കയറിപ്പോകുന്നത് കണ്ടതായി പൊലീസിന് വിവരം ലഭിച്ചു. എന്നാൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസിന് തുമ്പൊന്നും ലഭിച്ചില്ല. ഇതോടെ തൃപ്തികരമായ വിവരങ്ങൾ ലഭിച്ചാൽ അന്വേഷണം തുടരാമെന്ന് രേഖപ്പെടുത്തി ഫയൽ മാറ്റി വച്ചു.

Related Articles

Back to top button