സത്യപ്രതിജ്ഞാ വേദിയിൽ ‘നോ എൻട്രി’…. രാഹുൽ ഗാന്ധിയും ഖാർഗെയും വേദിയിൽ ഇരിക്കുമോ?…. രാജ്ഭവൻ നിലപാടിൽ ചർച്ചകൾ സജീവം

തിരുവനന്തപുരം: വി.ഡി. സതീശൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ വേദിയിലെ പ്രോട്ടോക്കോളിനെ ചൊല്ലി അനിശ്ചിതത്വം. സത്യപ്രതിജ്ഞാ വേദിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയും മാത്രമേ പാടുള്ളൂവെന്ന് രാജ്ഭവൻ കർശന നിർദ്ദേശം നൽകി. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾ ചടങ്ങിൽ പങ്കെടുക്കാനിരിക്കെയാണ് രാജ്ഭവന്റെ ഈ നിലപാട്.
സത്യപ്രതിജ്ഞാ ചടങ്ങിന്റെ ഔദ്യോഗിക വേദിയിൽ മറ്റുള്ളവരെ അനുവദിക്കില്ലെന്നാണ് ഗവർണറുടെ ഓഫീസ് വ്യക്തമാക്കുന്നത്. എന്നാൽ പ്രതിപക്ഷ നേതാവും മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും എത്തുമെന്ന് പ്രോട്ടോക്കോൾ വിഭാഗം അറിയിച്ചിട്ടുണ്ട്. വേദിയിൽ ആരൊക്കെ വേണമെന്ന് തീരുമാനിക്കേണ്ടത് ഗവർണറാണെന്ന് പൊതുഭരണ വകുപ്പ് അറിയിച്ചു. തമിഴ്നാട്ടിൽ വിജയിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ രാഹുൽ ഗാന്ധി പങ്കെടുത്ത കാര്യം നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. സെൻട്രൽ സ്റ്റേഡിയത്തിൽ ചടങ്ങിനായുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി തുടങ്ങിയ പ്രമുഖ നേതാക്കൾ ചടങ്ങിനെത്തും.
4 ഗേറ്റുകളിലൂടെയാണ് സ്റ്റേഡിയത്തിലേക്ക് പ്രവേശനം. പാസ് ഉള്ളവർക്കായിരിക്കും ആദ്യ പരിഗണന. സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ കഴിയാത്തവർക്കായി നഗരത്തിലെ ആറ് കേന്ദ്രങ്ങളിൽ എൽഇഡി വാളുകൾ സ്ഥാപിച്ച് തത്സമയ സംപ്രേക്ഷണം ഒരുക്കിയിട്ടുണ്ട്. നാളെ രാവിലെ 7 മണി മുതൽ നഗരത്തിൽ കർശന ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് സിറ്റി പോലീസ് കമ്മീഷണർ ജി. സ്പർജൻ കുമാർ അറിയിച്ചു. വിഐപികൾക്ക് പ്രധാന ഗേറ്റിലൂടെ മാത്രമായിരിക്കും പ്രവേശനം. രാവിലെ 8 മണിയോടെ സ്റ്റേഡിയത്തിൽ കയറണം. 9 മണിയോടെ റോഡുകളും ഗേറ്റുകളും അടയ്ക്കും. നാളെ ഉച്ചയ്ക്ക് 4 മണി വരെയാണ് നഗരത്തിൽ സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.



