ഡോക്ടറില്ല, ആംബുലന്‍സ് ഡ്രൈവറുമില്ല….ചികിത്സ കിട്ടാതെ അപസ്മാരം വന്ന കുഞ്ഞ്….

ഷോളയൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ജീവനക്കാരുടെയും ഡോക്ടറുടെയും സേവനം ലഭിക്കാതെ രോഗികള്‍ ബുദ്ധിമുട്ടിലായെന്ന് പരാതി. ഇന്നലെ ഉച്ചയ്ക്ക് ശേഷം ആശുപത്രി വിട്ട ഡോക്ടര്‍ ഇതുവരെ തിരിച്ചെത്തിയിട്ടില്ലെന്നും പകരം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്നുമാണ് നാട്ടുകാരും രോഗികളുടെ ബന്ധുക്കളും ആരോപിക്കുന്നത്. തിരുവോണ ദിനത്തിൽ ഡോക്ടർമാർ കൂട്ട അവധിയെടുത്തതോടെയാണ് ചികിത്സ കിട്ടാതായത്.
അപസ്മാരം വന്ന മൂന്നര മാസം പ്രായമുള്ള കുഞ്ഞിനെയും കൊണ്ടെത്തിയ കുടുംബത്തിന് മണിക്കൂറുകളോളം ആശുപത്രിയില്‍ കാത്തുനില്‍ക്കേണ്ടി വന്നു. ആശുപത്രി വളപ്പില്‍ ആംബുലന്‍സ് ഉണ്ടെങ്കിലും അത് ഓടിക്കാന്‍ ഡ്രൈവര്‍ ഇല്ലാത്ത അവസ്ഥയാണെന്നും ആക്ഷേപമുണ്ട്. നിലവില്‍ ഒരു സ്റ്റാഫ് നഴ്‌സും അറ്റന്‍ഡറും മാത്രമാണ് ആശുപത്രിയിലുള്ളത്.



