ക്യാപ്റ്റൻസ് ക്യാച്ച്….കളി വഴിതിരിച്ച് ഞെട്ടിച്ച് ഗിൽ…

ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിനം ഞെട്ടുന്നൊരു ക്യാച്ചെടുത്ത് ഇന്ത്യയ്ക്ക് ടീമിന് തിരിച്ചുകൊടുത്ത് ഇന്ത്യൻ നായകൻ ശുഭ്മാൻ ഗിൽ. ഒരുവേള കൈയിൽ നിന്ന് വഴുതിപ്പോയിക്കൊണ്ടിരുന്ന മത്സരത്തെ ഒരു പരിധിവരെ ഇന്ത്യയുടെ കൈയിൽ ഭദ്രമാക്കിയത് ഈ ക്യാച്ചാണ്.
നാൽപത്തിരണ്ടാം ഓവറിൽ കാമിന്ദു മെൻഡിസിനെയാണ് ഗിൽ ക്യാച്ചെടുത്തത്. പ്രസിദ്ധ് കൃഷ്ണയുടെ ഒരു ഷോർട്ട് പിച്ച് ഉയർത്തിയടിക്കാനുള്ള കാമിന്ദുവിന്റെ ശ്രമമാണ് ഗില്ലിന്റെ കൈകളിൽ അവസാനിച്ചത്. നേരത്തെ പ്രസിദ്ധിന്റെ സമാനമായ പന്തുകൾ ബൗണ്ടറിയിലേയ്ക്ക് പായിച്ച കാമിന്ദു അതേമട്ടിലുള്ളൊരു ഷോട്ടിനാണ് ശ്രമിച്ചത്. എന്നാൽ, പന്ത് ടോപ് എഡ്ജ് ചെയ്ത് ഉയർന്നുപൊങ്ങി. പന്തിൽ നിന്ന് കണ്ണെടുക്കാതെ സ്ക്വയർലെഗ്ഗിൽ പിറകോട്ട് ഓടിയും പിന്നെ വട്ടംകറങ്ങിയുമാണ് ഗിൽ അവിശ്വസനീയമാംവണ്ണം രണ്ട് കൈകളിലും ഒതുക്കിപ്പിടിച്ചത്. ഈ പരമ്പരയിൽ ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും മികച്ച ക്യാച്ചായിരുന്നു ഇത്.



