നിതിൻ രാജിന്റെ മരണം…’ഉത്തരവാദികളായവരെ ശിക്ഷിക്കണം…സംവിധായകന് പാ രഞ്ജിത്ത്…

കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ നീതി തേടി നടത്തിയ ഹര്‍ത്താലിന് പിന്തുണയുമായി സംവിധായകന് പാ രഞ്ജിത്ത്. ഇന്നലെ കേരളത്തില്‍ ദളിത്-ആദിവാസി സംഘടനകള്‍ നടത്തിയ ഹര്‍ത്താല്‍ ജാതി അനീതിക്കെതിരെയുള്ള ശക്തവും അവശ്യവുമായ സമരമാണെന്ന് പാ രഞ്ജിത്ത് എക്സില്‍ കുറിച്ചു.’നിതിന്‍ രാജിന്റെ സ്ഥാപനവല്‍കൃത മരണത്തില്‍ ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വന്ന് ശിക്ഷിക്കണം. കേരളത്തിലും രാജ്യത്തെല്ലായിടത്തും രോഹിത് വെമുല നിയമം നടപ്പാക്കണം. എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും സുരക്ഷിതവുമായ ഉന്നത വിദ്യാഭ്യാസ ഇടങ്ങള്‍ ഉണ്ടാകണം. നമ്മുടെ വിദ്യാഭ്യാസ അവകാശങ്ങളും ജീവിതവും നാം അന്തസോടെ സംരക്ഷിക്കണം. വിദ്യാഭ്യാസം നേടുക, സംഘടിപ്പിക്കുക, പ്രക്ഷോഭം നടത്തുക എന്ന ബാബാസാഹേബിന്റെ ആഹ്വാനം നമ്മുടെ പോരാട്ടത്തെ നയിക്കട്ടെ’, പാ രഞ്ജിത്ത് പറഞ്ഞു.



