വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് വീണ്ടും വിവാദത്തിൽ

വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശി വീണ്ടും നിയമക്കുരുക്കിൽ. വീടിന്റെ മതിൽ നിർമാണവുമായി ബന്ധപ്പെട്ട തർക്കത്തിനിടെ വീട്ടുടമസ്ഥനെ മർദിച്ച് കൈയൊടിച്ചെന്ന പരാതിയിൽ ആര്യനാട് പൊലീസ് കേസെടുത്തു. പുതിയ വീടിന്റെ മതിൽ കെട്ടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. പുറമ്പോക്ക് ഭൂമിയിലെ മതിൽ പൊളിക്കണമെന്ന് ശശി ആവശ്യപ്പെട്ടപ്പോൾ, സ്വന്തം സ്ഥലത്താണ് മതിലെന്ന് വീട്ടുടമ പ്രശാന്ത് വാദിച്ചു.
ഇതിനിടെ തന്നെയും തൊഴിലാളികളെയും ശശി മർദ്ദിച്ചെന്നാണ് പ്രശാന്തിൻറെ പരാതി. മതിൽ കെട്ടാൻ ശശി പണം ചോദിച്ചെന്നും പ്രശാന്ത് പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രശാന്തിൻറെ കൈക്ക് പൊട്ടലുണ്ട്. മാസങ്ങൾക്ക് മുമ്പ് ഒടിഞ്ഞ കൈക്കാണ് വീണ്ടും പൊട്ടലെന്ന് പ്രശാന്ത് വ്യക്തമാക്കി. ആര്യനാട് പൊലീസാണ് കേസെടുത്തത്. അതേസമയം പ്രശാന്ത് തന്നെയും മർദ്ദിച്ചെന്ന് ശശി പറയുന്നുണ്ട്. പഞ്ചായത്ത് സെക്രട്ടറിയെ മുറിയിൽ പൂട്ടിയിട്ടതിനും ജാതി അധിക്ഷേപം നടത്തിയതിനും നേരത്തെ ശശിക്കെതിരെ കേസുകളുണ്ട്. അടുത്തിടെ ഒരു വീട്ടിൽ കയറിയെ മുള്ളൻ പന്നിയെ അടിച്ചുകൊന്നതിന് കേസെടുത്തപ്പോൾ ശശി ഏറെക്കാലം ഒളിവിൽ പോയിരുന്നു.



