‘കേരളം പാപ്പരായ സംസ്ഥാനം, തുടക്കത്തിലെ ജനപ്രിയ പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കരുത്’; സതീശന് സാവകാശം വേണമെന്ന് എ.കെ. ആന്റണി; 2001-ലെ ഓർമ്മപ്പെടുത്തൽ

കേരളത്തിന്റെ സാമ്പത്തിക അടിത്തറ തകർന്നിരിക്കുന്ന സാഹചര്യത്തിൽ പുതിയ മുഖ്യമന്ത്രിയിൽ നിന്ന് ഉടനടി ജനപ്രിയ പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കരുതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി. വി.ഡി. സതീശൻ തന്നെ സന്ദർശിച്ച വേളയിലാണ് അദ്ദേഹം ഈ നിർണ്ണായക നിരീക്ഷണം നടത്തിയത്. വി ഡി സതീശന്റെ നേതൃത്വത്തിൽ അടുത്ത അഞ്ചുവർഷം കേരളത്തിന് സുവർണ കാലഘട്ടമായിരിക്കട്ടെയെന്ന് എ കെ ആന്റണി ആശംസിച്ചു. എന്നാൽ കേരളം സാമ്പത്തികമായി തകർന്നു തരിപ്പണമായിരിക്കുകയാണെന്നും കരകയറ്റാൻ വി ഡി സതീശന് സാവകാശം നൽകണമെന്നും എ കെ ആന്റണി പറഞ്ഞു. 2001ൽ താൻ മുഖ്യമന്ത്രിയായിരുന്ന കാലം ഓർമ്മിപ്പിച്ചായിരുന്നു ഇക്കാര്യം സൂചിപ്പിച്ചത്.

‘2001ൽ ഇതിനോടടുത്ത ജനവിധിയുമായിട്ടാണ് ഞാൻ മുഖ്യമന്ത്രിയായത്. അന്ന് വലിയ ആരവവും മാധ്യമ പിന്തുണയും എനിക്കുണ്ടായിരുന്നു. ആരവങ്ങൾ കെട്ടടങ്ങിയപ്പോൾ മാധ്യമങ്ങൾ എനിക്കെതിരായി തിരിഞ്ഞു. അന്നത്തെ സാഹചര്യത്തിന് പരിഹാരം ഉണ്ടാക്കാൻ അന്നത്തെ സർക്കാർ എടുത്ത തീരുമാനങ്ങളായിരുന്നു അതിന് കാരണം.’

‘കേരളം സാമ്പത്തികമായി തകർന്ന് പാപ്പരായി. മുഖ്യമന്ത്രിക്ക് ഡൽഹിക്ക് പോകാൻ ഒരു എയർടിക്കറ്റ് നൽകാൻ പോലും ഇന്ത്യൻ എയർലൈൻസ് തടസ്സം നിന്ന കാലഘട്ടമായിരുന്നു. മുമ്പ് ആർപ്പുവിളിച്ച മാധ്യമങ്ങളെല്ലാം അതോടെ കല്ലെറിയാൻ തുടങ്ങി. ആ സാഹചര്യം വി ഡി സതീശനും സഹപ്രവർത്തകർക്കും ഉണ്ടാകരുത്. തുടക്കത്തിൽ തന്നെ ഒന്നിനുപിറകെ ഒന്നായി ജനപ്രിയ പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കരുത്. വി ഡി സതീശന്റെ മനസ്സിൽ പല സ്വപ്‌നങ്ങളും കാണും. കുറച്ച് മുണ്ട് മുറുക്കി ഉടുക്കേണ്ടി വരും. കുറച്ച് കയ്പ്പ് നീര് കുടിക്കേണ്ടി വരും. പാപ്പരായ സംസ്ഥാനമാണ്. 2001ലേക്കാൾ പത്തിരട്ടി കൂടുതൽ സാമ്പത്തികമായി തകർന്നു തരിപ്പണമായ സംസ്ഥാനമാണ്. കരകയറ്റാൻ കുറച്ചു സാവകാശം നൽകണം’, എന്നാണ് എ കെ ആന്റണിയുടെ പ്രതികരണം.

ഐക്യ കേരളം ഉണ്ടായ ശേഷമുള്ള നിർണ്ണായക ഘട്ടത്തിൽ കേരളത്തെ നയിക്കാനുള്ള നിയോഗം യുഡിഎഫ് സതീശന് നൽകി. അതിൽ അതിയായ സന്തോഷമുണ്ട്. ഹൈക്കമാൻഡ് തീരുമാനത്തെ പൂർണമായി പിന്താങ്ങുന്നു. സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്നും എ കെ ആന്റണി പറഞ്ഞു.

Related Articles

Back to top button