ചില്ലിക്കൊമ്പൻ പോയ വിയോഗം മാറ്റാൻ നെല്ലിയാമ്പതിയിൽ ചിന്നക്കൊമ്പൻ; മെയിൻ ഐറ്റം ചക്ക തന്നെ!

പ്രിയപ്പെട്ട ‘ചില്ലിക്കൊമ്പൻ’ വിടപറഞ്ഞതോടെ നേർത്തൊരു സങ്കടത്തിലായിരുന്ന നെല്ലിയാമ്പതിയിലേക്ക് വനമേഖലയുടെ പുതിയൊരു അരുമ കൂടിയെത്തിക്കഴിഞ്ഞു. പേര് ‘ചിന്നക്കൊമ്പൻ’. മുൻഗാമിയെപ്പോലെ തന്നെ കക്ഷിക്കും ഏറ്റവും പ്രിയം പഴുത്തുപാകമായ ചക്കകൾ തന്നെയാണ്. വമ്പൻ പ്ലാവിൽ നിന്ന് തുമ്പിക്കൈ നീട്ടി ചക്ക പറിച്ചു തിന്നുന്ന ചിന്നക്കൊമ്പന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി തോട്ടം മേഖലയിലും ജനവാസകേന്ദ്രങ്ങളിലും കാട്ടാനകളുടെ സാന്നിധ്യം കുറവായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം പ്ലാവിൻ ചുവടുകളിലേക്ക് പുതിയൊരു കൊമ്പൻ എത്തിയത് നാട്ടുകാരിൽ വലിയ കൗതുകമുണർത്തി.

ഇടുക്കിയിൽ ഒരു ചക്കക്കൊമ്പനുണ്ട്. അതുപോലെ നെലിയാമ്പതിയുടെ പുതിയ അതിഥിക്കും ചക്കയാണ് ഇഷ്ട ഭക്ഷണം. കഴിഞ്ഞ ദിവസം തോട്ടം മേഖലയിലെത്തിയ കാട്ടുകൊമ്പൻ പ്ലാവുകളിൽനിന്ന് ചക്ക പറിച്ചുതിന്ന് തോട്ടങ്ങൾക്കിടയിലൂടെ നടക്കുന്നത് തൊഴിലാളികളാണ് ആദ്യം കണ്ടത്. ചില്ലിക്കൊമ്പൻ ചരിഞ്ഞതോടെ തോട്ടം മേഖലയിലും പാടിക്ക് സമീപവും കാട്ടാനയുടെ സാന്നിദ്ധ്യമുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസങ്ങളിൽ സൗമ്യ സ്വഭാവരീതികളുള്ള മറ്റൊരു കൊമ്പൻ എത്തിയത് പ്രദേശവാസികൾക്ക് വലിയ കൗതുകമായി.

ചക്കപ്പഴത്തിന്റെ മണം പിടിച്ച് ജനവാസമേഖലയിലെത്തിയ കാട്ടാന വലിയ പ്ലാവുകളിൽനിന്ന് തുമ്പിക്കൈ നീട്ടി ചക്കകൾ പറിച്ചു തിന്നുകയാണ്. ചില്ലിക്കൊമ്പനെന്നപോലെ പുതിയ ആനയും ശാന്തസ്വഭാവക്കാരനായതിനാൽ പേടി തോന്നുന്നില്ലെന്ന് തോട്ടം തൊഴിലാളികൾ പറഞ്ഞു. എങ്കിലും വനംവകുപ്പും നിരീക്ഷണവുമായി രംഗത്തുണ്ട്. വന്യമൃഗം ആയതിനാൽ ജാഗ്രത പാലിക്കണമെന്നും പ്രകോപിപ്പിക്കരുതെന്നും വനപാലകർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്. ആന ചാക്ക കഴിക്കുന്നതിന്റെ ചിത്രങ്ങൾ വെെറലായതോടെ നിരവധി കമന്റുകളും വരുന്നുണ്ട്.

‘നെല്ലിയാമ്പതിയുടെ പുതുയുഗം – ചിന്നക്കൊമ്പൻ. ചില്ലിക്കൊമ്പൻ അരങ്ങൊഴിഞ്ഞ നെല്ലിയാമ്പതിക്കാടുകളിൽ ആഹ്ലാദവും ആവേശവും പകരാൻ അവന്റെ പരമ്പരയിലുള്ള ഒരു കുട്ടിക്കൊമ്പനാണ് ഈ “ചിന്നൻ – ചിന്നക്കൊമ്പൻ. ചക്ക തന്നെയാണ് ഇവന്റെയും ഇഷ്ട ഭക്ഷണം’- എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.

Related Articles

Back to top button