13 വർഷം കാത്തിരുന്നിട്ടും ഫലമുണ്ടായില്ല; ഹൃദയ ശസ്ത്രക്രിയ ശസ്ത്രക്രിയ നടക്കാതെ ഒടുവിൽ തൻവി..

ന്യൂഡൽഹി: ഹൃദയ ശസ്ത്രക്രിയക്ക് വേണ്ടി നീണ്ട 13 വർഷത്തെ കാത്തിരിപ്പിനൊടുവിൽ 15 വയസുകാരി ഡൽഹി എയിംസിൽ വച്ച് മരണത്തിന് കീഴടങ്ങി. രാജസ്ഥാനിലെ കോട്ട സ്വദേശിയായ തൻവി എന്ന പെൺകുട്ടിയാണ് ചൊവ്വാഴ്ച പുലർച്ചെയ്ക്ക് മരണപ്പെട്ടത്. എയിംസ് അധികൃതരുടെയും ഡോക്ടർമാരുടെയും ഗുരുതരമായ വീഴ്ചയും അനാസ്ഥയുമാണ് മകളുടെ മരണത്തിന് കാരണമെന്ന് പിതാവ് മുകേഷ് പരിയാനി ആരോപിക്കുന്നത്.

ജനനത്തോടനുബന്ധിച്ചുള്ള സങ്കീർണമായ ഹൃദ്രോഗത്തെ തുടർന്ന് രണ്ട് വയസ്സുള്ളപ്പോഴാണ് തൻവിയെ ആദ്യമായി ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചത്. 2012 മുതൽ കുട്ടി അവിടെ ചികിത്സയിലായിരുന്നു. 2014-ൽ ഹൃദയശസ്ത്രക്രിയ നിർദ്ദേശിക്കുകയും 2015-ൽ ശസ്ത്രക്രിയയ്ക്കുള്ള തീയതി നിശ്ചയിക്കുകയും ചെയ്തിരുന്നെങ്കിലും പിന്നീട് പല കാരണങ്ങൾ പറഞ്ഞ് മാറ്റിവെക്കുകയായിരുന്നുവെന്ന് കുടുംബം പറയുന്നു.

കഴിഞ്ഞ 13 വർഷമായി ശസ്ത്രക്രിയയ്ക്കായി തങ്ങൾ ആശുപത്രി കയറിയിറങ്ങുകയായിരുന്നുവെന്ന് മുകേഷ് പറയുന്നു. ഹൃദയവും ശ്വാസകോശവും മാറ്റിവെക്കുന്നതിനായുള്ള പരിശോധനകൾക്കായി ഓഗസ്റ്റ് 24-ന് കുട്ടിയെ വീണ്ടും എയിംസിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകുന്നേരം എൻഡോസ്കോപ്പി പരിശോധന നടത്തിയ ശേഷം രാത്രിയോടെ കുട്ടിയുടെ ആരോഗ്യനില വഷളാവുകയും ഓക്സിജൻ അളവ് 48 ശതമാനമായി താഴുകയും ചെയ്തു. തുടർന്നുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് ചൊവ്വാഴ്ച പുലർച്ചെ 5.06-ഓടെ മരണം സംഭവിക്കുകയായിരുന്നു.

എന്നാൽ, 2018-ൽ ശസ്ത്രക്രിയ സാധ്യമല്ലെന്ന് കണ്ട് മരുന്നുകൾ മുഖേനയുള്ള ചികിത്സയിലേക്ക് മാറുകയായിരുന്നെന്നാണ് എയിംസ് കാർഡിയോ തൊറാസിക് ആന്റ് വാസ്കുലാർ സർജറി വിഭാഗം മേധാവി ഡോ. വി. ദേവഗൗരു വ്യക്തമാക്കുന്നത്. കുട്ടിയുടെ ശ്വാസകോശത്തിലേക്കുള്ള പ്രധാന രക്തധമനികളുടെ അഭാവവും ഹൃദയഘടനയിലെ സങ്കീർണതയുമാണ് ശസ്ത്രക്രിയയ്ക്ക് തടസ്സമായതെന്നാണ് ആശുപത്രി നൽകുന്ന വിശദീകരണം.

മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് മൃതദേഹം ഏറ്റുവാങ്ങാൻ പിതാവ് വിസമ്മതിച്ചതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Related Articles

Back to top button