എൽടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരൻ ജീവിച്ചിരിപ്പുണ്ട്; ശരിയായ സമയം വരുമ്പോൾ പ്രത്യക്ഷപ്പെടുമെന്ന് വെളിപ്പെടുത്തൽ

എൽടിടിഇ (LTTE) സ്ഥാപക നേതാവ് വേലുപ്പിള്ള പ്രഭാകരൻ മരിച്ചിട്ടില്ലെന്നും ജീവനോടെയുണ്ടെന്നും വ്യക്തമാക്കി ‘ഉലക തമിഴ് പേരമയ്പ്’ നേതാവ് പഴ നെടുമാരൻ വീണ്ടും രംഗത്ത്. പ്രഭാകരൻ അനുയോജ്യമായ സമയത്ത് ജനങ്ങൾക്കുമുന്നിൽ പ്രത്യക്ഷപ്പെടുമെന്നാണ് അദ്ദേഹത്തിന്റെ പുതിയ വെളിപ്പെടുത്തൽ.

2009 മുതൽ താൻ ഇക്കാര്യം പറയുന്നതാണെന്നും പ്രഭാകരന്റെ മകൾ ടിവിയിൽ പ്രത്യക്ഷപ്പെട്ടു സംസാരിച്ചതായും നെടുമാരൻ അവകാശപ്പെട്ടു. 2023ൽ പ്രഭാകരന്റെ മകൾ ദ്വാരക എന്ന് അവകാശപ്പെട്ടു രംഗത്തെത്തിയ യുവതിയുടെ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. എന്നാൽ, എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ സൃഷ്ടിച്ച ദൃശ്യമാണ് ഇതെന്നായിരുന്നു വിദഗ്ധാഭിപ്രായം.

1991-ൽ രാജീവ് ഗാന്ധി വധിക്കപ്പെട്ട കേസിൽ പ്രധാന പ്രതിയായിരുന്നു പ്രഭാകരൻ. പ്രധാനമന്ത്രി കൊല്ലപ്പെട്ട സംഭവത്തിലെ പങ്കിനെത്തുടർന്ന് ഇന്ത്യയിൽ എൽടിടിഇ നിരോധിക്കപ്പെട്ടിരുന്നു. 2009 മെയ് 18-ന് ശ്രീലങ്കയിലെ മുള്ളിവൈക്കാലിൽ വെച്ച് പ്രഭാകരൻ ശ്രീലങ്കൻ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചതായി പറയപ്പെടുന്നു. ലോകമെമ്പാടുമുള്ള ശ്രീലങ്കൻ തമിഴരും ഇന്ത്യയിലെ ഒരു വിഭാഗം തമിഴരും മെയ് 18 ‘മുള്ളിവൈക്കാൽ അനുസ്മരണ ദിനമായി’ (തമിഴ് വംശഹത്യ അനുസ്മരണ ദിനമായി) ആചരിക്കുന്നുണ്ട്. 2009-ൽ ശ്രീലങ്കൻ ആഭ്യന്തരയുദ്ധത്തിന്റെ ദാരുണമായ അന്ത്യം കുറിച്ച മുള്ളിവൈക്കാൽ തീരദേശ ഗ്രാമത്തിൽ നടന്ന ക്രൂരമായ സൈനിക ആക്രമണത്തിൽ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും കാണാതാവുകയും ചെയ്ത പതിനായിരക്കണക്കിന് തമിഴ് സിവിലിയന്മാരെയാണ് ഈ ദിവസം ഓർമ്മിക്കുന്നത്.

Related Articles

Back to top button