പ്രതി കൈവിലങ്ങോടെ കിണറ്റിൽ മരിച്ച കേസ്; കേരള പൊലീസുകാർക്ക് ‘മദ്രാസ് ഹൈക്കോടതിയിൽ’ തിരിച്ചടി

കസ്റ്റഡിയിലിരിക്കെ പ്രതി മരിച്ച കേസിൽ കേരള പൊലീസിലെ 7 ഉദ്യോഗസ്ഥർക്കെതിരെയുള്ള ക്രിമിനൽ നടപടികൾ റദ്ദാക്കാൻ മദ്രാസ് ഹൈക്കോടതി വിസമ്മതിച്ചു. ഇരയുടെ കുടുംബവുമായി ഒത്തുതീർപ്പിലെത്തിയെന്ന് കാണിച്ച് ഇത്തരം അതീവ ഗുരുതരമായ കേസുകൾ റദ്ദാക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. 2017-ൽ ദിണ്ടിഗലിൽ തമിഴ്നാട് സ്വദേശി മൊക്കയ്യൻ കൈവിലങ്ങുകളോടെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കേരള പൊലീസിന്റെ നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങൾ നൽകിയ ഹർജിയാണ് ജസ്റ്റിസ് എൽ. വിക്ടോറിയ ഗൗരി തള്ളിയത്.
കുറ്റകൃത്യങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർ നിയമത്തിന്റെ പരിധിക്കുള്ളിൽ നിന്ന് വേണം അത് ചെയ്യാനെന്ന് കോടതി വ്യക്തമാക്കി. കുറ്റവാളികളിൽ നിന്നോ നിയമം നടപ്പാക്കാൻ ചുമതലപ്പെട്ടവരിൽ നിന്നോ ഉണ്ടാകുന്ന നിയമലംഘനങ്ങൾ അംഗീകരിക്കാനാകില്ലെന്നും വിധിയിൽ കോടതി നിരീക്ഷിച്ചു.
ദിണ്ടിഗലിലുള്ള ഭാര്യാസഹോദരന്റെ പറമ്പിലെ കിണറ്റിൽ 2017 ഓഗസ്റ്റ് 27-നാണ് മൊക്കയ്യന്റെ മൃതദേഹം കണ്ടെത്തുന്നത്. കൈവിലങ്ങണിഞ്ഞ നിലയിലായിരുന്നു മൃതദേഹം. ഇതേത്തുടർന്ന് തമിഴ്നാട് പൊലീസ് കസ്റ്റഡി മരണത്തിന് കേസെടുത്തു. 2018-ൽ അന്വേഷണം സിബി-സിഐഡിക്ക് (CB-CID) കൈമാറി. കേരള പൊലീസിനെ ഏഴ് പേർക്കെതിരെ ഐപിസി 166A(a), 167, 202, 330, 348 തുടങ്ങിയ വകുപ്പുകൾ പ്രകാരം സിബി-സിഐഡി കുറ്റപത്രം സമർപ്പിച്ചു. ലഹരിമരുന്ന് കേസന്വേഷണത്തിനായി തമിഴ്നാട്ടിലെത്തിയ കേരള പൊലീസ് സംഘം, മറ്റൊരു സംസ്ഥാനത്ത് പാലിക്കേണ്ട നിയമപരമായ നടപടിക്രമങ്ങൾ ഒന്നും പാലിച്ചില്ലെന്നാണ് പ്രൊസിക്യൂഷൻ കേസ്. ഉദ്യോഗസ്ഥർ മൊക്കയ്യനെ നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്ത് കൈവിലങ്ങ് ധരിപ്പിച്ചു, കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് മൊക്കയ്യൻ കിണറ്റിൽ വീണത്, ഇയാൾ കിണറ്റിൽ വീണതിന് ശേഷം ഉദ്യോഗസ്ഥർ ഇയാളെ അവിടെ ഉപേക്ഷിച്ചു, തമിഴ്നാട് പൊലീസിനെ വിവരമറിയിക്കാതെ താമസസ്ഥലം ഒഴിഞ്ഞ് കേരളത്തിലേക്ക് മടങ്ങിയെന്നും കുറ്റപത്രത്തിലുണ്ട്.
അന്തർസംസ്ഥാന ലഹരിക്കടത്ത് സംഘത്തിലെ അംഗത്തെ പിടികൂടാനാണ് തങ്ങൾ എത്തിയതെന്നാണ് പ്രതിസ്ഥാനത്തുള്ള കേരളത്തിലെ പൊലീസുകാർ വാദിച്ചത്. കസ്റ്റഡി മർദ്ദനം ഉണ്ടായിട്ടില്ലെന്നും രക്ഷപ്പെടാൻ ഓടുന്നതിനിടെ മൊക്കയ്യൻ അബദ്ധത്തിൽ കിണറ്റിൽ വീണതാണ്. ഉയർന്ന ഉദ്യോഗസ്ഥരെ വിവരമറിയിച്ചിരുന്നു. ജനറൽ ഡയറി എൻട്രികളും ഇമെയിലുകളും ഇതിന് തെളിവാണെന്നും അവർ വാദിച്ചു. മരിച്ചയാളുടെ ഭാര്യയും കുടുംബവും തങ്ങളുമായി ഒത്തുതീർപ്പിലെത്തിയെന്നും അവർ നഷ്ടപരിഹാരം കൈപ്പറ്റുകയും ചെയ്തതിനാൽ കേസ് തുടരേണ്ടതില്ല എന്നുമായിരുന്നു ഉദ്യോഗസ്ഥരുടെ വാദം. കേസ് നീളുന്നത് തങ്ങളുടെ ഔദ്യോഗിക ജീവിതത്തെ ബാധിക്കുമെന്നും അവർ ചൂണ്ടിക്കാട്ടി.
പൊലീസ് കസ്റ്റഡിയിലുള്ള ഒരാൾ പൂർണ്ണമായും ഭരണകൂടത്തിന്റെ നിയന്ത്രണത്തിലാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അയാളുടെ ജീവനും അന്തസ്സിനും സുരക്ഷയ്ക്കും പൊലീസുകാരനാണ് ഭരണഘടനാപരമായ ഉത്തരവാദിത്തം. കസ്റ്റഡിയിലെ നിയമലംഘനങ്ങളും അധികാര ദുർവിനിയോഗവും വ്യക്തിപരമായ തർക്കങ്ങളല്ല. അതിനാൽ സ്വകാര്യ ഒത്തുതീർപ്പുകളിലൂടെ ഇത്തരം കേസുകൾ അവസാനിപ്പിക്കാനാകില്ല. ലഹരിവിരുദ്ധ പ്രവർത്തനങ്ങളിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ നിയമപരമായ സുരക്ഷാ മുൻകരുതലുകളും നടപടിക്രമങ്ങളും ലംഘിക്കാനുള്ള ലൈസൻസല്ല. മൊക്കയ്യൻ അബദ്ധത്തിൽ കിണറ്റിൽ വീണതാണെന്ന വാദം വിചാരണ വേളയിൽ പ്രതിഭാഗത്തിന് പ്രതിരോധമായി ഉപയോഗിക്കാം. എന്നാൽ കുറ്റപത്രം റദ്ദാക്കാൻ അത് പര്യാപ്തമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ദിണ്ടിഗൽ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയോട് വിചാരണ വേഗത്തിൽ പൂർത്തിയാക്കാനും ഹൈക്കോടതി നിർദ്ദേശിച്ചു.




