തുടർഭരണം നഷ്ടമായി, പന്തയം തോറ്റു; 70,000 രൂപയുടെ കറവപ്പശുവിനെ ലീഗ് പ്രവർത്തകൻ മുസ്തഫയ്ക്ക് കൈമാറി സിപിഐഎം പ്രവർത്തകൻ

തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ രാഷ്ട്രീയ കേരളം ചർച്ച ചെയ്തത് പലതായിരുന്നു, എന്നാൽ മലപ്പുറം വെട്ടത്തെ ഈ സുഹൃത്തുക്കൾക്കിടയിൽ ചർച്ച ‘കറവപ്പശു’വായിരുന്നു. ഭരണത്തുടർച്ചയുണ്ടാകുമെന്ന് ഉറച്ചുവിശ്വസിച്ച സി.പി.ഐ.എം ബ്രാഞ്ച് മെമ്പർ മഹേഷും, യു.ഡി.എഫ് വരുമെന്ന് വാദിച്ച മുസ്ലിം ലീഗ് പ്രവർത്തകൻ മുസ്തഫയും തമ്മിലായിരുന്നു പന്തയം.
ഇടതുമുന്നണിക്ക് തുടർഭരണം കിട്ടുമെന്നായിരുന്നു സിപിഐഎം പ്രവർത്തകന്റെ വാദം. അങ്ങനെയുണ്ടായില്ലെങ്കിൽ തൻ്റെ ആറു കറവപ്പശുക്കളിൽ ഇഷ്ടമുള്ളതിൽ ഒന്നിനെ മുസ്തഫയ്ക്ക് നൽകുമെന്നായിരുന്നു വാക്ക്. യുഡിഎഫിന് ഭരണം ലഭിച്ചില്ലെങ്കിൽ തൻ്റെ കറവപ്പശുവിനെ മഹേഷിന് നൽകാമെന്ന് മുസ്തഫയും ഉറപ്പുനൽകി. ഫലം എതിരായതോടെ സിപിഐഎം പ്രവർത്തകൻ മഹേഷ് വാക്കുപാലിച്ചു.70,000 രൂപ വിലവരുന്ന തന്റെ പശുവിനെ മുസ്തഫയ്ക്ക് കൈമാറി. വോട്ടെടുപ്പിന് 15 ദിവസം മുമ്പാണ് ഇരുവരും പന്തയം വെച്ചത്.
തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു തൊട്ടുപിന്നാലെ മഹേഷ് മുസ്തഫയെ ഫോണിൽ വിളിച്ചു. പറഞ്ഞ വാക്ക് പാലിക്കുന്നുവെന്നും പശുവിനെ കൊണ്ടുപോകാമെന്നും പറഞ്ഞു. മഹേഷിൻ്റെ വീട്ടിലെത്തിയ മുസ്തഫയോട് തൊഴുത്തിലെ ഇഷ്ടപ്പെട്ട പശുക്കളിലൊന്നിനെ തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടു. മുസ്തഫ നാലുവയസ്സുള്ള കറവപ്പശുവിനെയാണ് തിരഞ്ഞെടുത്തത്.



