പാർലമെന്റിൽ അമിത് ഷായെ തേടി പ്രതിപക്ഷത്തിന്റെ അസാധാരണ പ്രതിഷേധം

ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെന്റ് സമ്മേളനങ്ങളിൽ പങ്കെടുക്കുന്നില്ലെന്നാരോപിച്ച് പ്രതിപക്ഷവും സർക്കാരും തമ്മിൽ ശക്തമായ വാക്പോര്. സഭയിൽ ബില്ലുകൾ യാതൊരു ചർച്ചയുമില്ലാതെ വേഗത്തിൽ പാസാക്കുന്നതിനെതിരെയും ആഭ്യന്തര മന്ത്രിയുടെ അസാന്നിധ്യത്തിനെതിരെയും പ്രതിപക്ഷം വലിയ പ്രതിഷേധമാണ് ഉയർത്തുന്നത്. എന്നാൽ പ്രതിപക്ഷത്തിന് ശക്തമായ മറുപടിയുമായി ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്.
“അമിത് ഷാ എവിടെപ്പോയി മറഞ്ഞു?” എന്നെഴുതിയ വലിയ ബാനറുകളുമായി പ്രതിപക്ഷ എംപിമാർ പാർലമെന്റ് വളപ്പിൽ ഒത്തുകൂടി പ്രതിഷേധിച്ചതും ജനം കണ്ടു. രാമക്ഷേത്ര നിർമാണത്തിനുള്ള സംഭാവന മോഷ്ടിക്കപ്പെട്ടെന്നാരോപിച്ച് പ്രതിപക്ഷം മകർ ദ്വാറിന് മുന്നിൽ ഭണ്ഡാരപ്പെട്ടികൾവെച്ചാണ് പ്രതിഷേധിച്ചത്.
അതേസമയം, സഭയ്ക്കുള്ളിൽ ബില്ലുകൾ പാസ്സാക്കുന്ന തിരക്കിലാണ് ഭരണപക്ഷം. മൂന്ന് മിനിറ്റുകൊണ്ട് ടാക്സേഷൻ ബില്ലും അഞ്ച് മിനിറ്റുകൊണ്ട് ബാങ്കേഴ്സ് ബുക്ക്സ് എവിഡൻസ് ബില്ലും ചർച്ചയില്ലാതെ പാസാക്കിയെടുക്കുന്ന സഭയെ ഒരു ‘ബിൽ നിർമാണ ഫാക്ടറി’ എന്നാണ് പ്രതിപക്ഷം വിശേഷിപ്പിച്ചത്. മൂന്ന് മിനിറ്റിനുള്ളിൽ ബില്ലുകൾ പാസാക്കുന്ന വിദ്യയെ ‘മാഗി ന്യൂഡിൽസ് ഉണ്ടാക്കുന്നതുപോലെ’യെന്നാണ് തൃണമൂൽ കോൺഗ്രസ് നേതാവും രാജ്യസഭാ എം.പി.യുമായ ഡെറിക് ഒബ്രിയൻ പരിഹസിച്ചത്.
ഡൽഹിയിൽ വിദ്യാർഥികൾക്ക് നേരെ പോലീസ് അതിക്രമം നടക്കുമ്പോൾ ആഭ്യന്തര മന്ത്രി മിണ്ടാതിരിക്കുന്നത് കണ്ട്, ‘ആരെങ്കിലും അദ്ദേഹത്തിന്റെ വായ തുന്നിക്കെട്ടിയോ?’ എന്നായിരുന്നു മല്ലികാർജുൻ ഖർഗെയുടെ പരിഹാസം. പാർലമെന്റിനെ ബഹുമാനിക്കാത്ത ഷാ ഒളിച്ചിരിക്കുകയാണെന്നും ജനങ്ങളുടെ ശക്തി അദ്ദേഹത്തെ ഒരു ദിവസം പുറത്തേക്ക് വലിച്ചിഴയ്ക്കുമെന്നും ഖർഗെ പറഞ്ഞു. അമിത് ഷാ പാർലമെന്റിൽ വരാൻ ഭയപ്പെടുകയാണെന്നും സഭയ്ക്ക് അദ്ദേഹം പ്രാധാന്യം നൽകുന്നില്ലെന്നും ഖർഗെ പരിഹസിച്ചു.
രാഹുൽ ഗാന്ധിയാകട്ടെ, ഷായുടെ മൗനം ‘കുറ്റബോധം’ കാരണമായിരിക്കുമെന്ന് എക്സിൽ കുറിച്ചു. ഇത് സർക്കാരിന്റെ ‘രാജദർബാർ’ അല്ലെന്നും ഉത്തരവാദിത്വങ്ങളിൽനിന്ന് ഒളിച്ചോടാൻ ആർക്കും കഴിയില്ലെന്നും പ്രിയങ്ക ഗാന്ധിയും പ്രതികരിച്ചു.
അമിത് ഷാ പുണെയിൽ അവാർഡ് ദാന ചടങ്ങുകളിൽ പങ്കെടുക്കുമ്പോഴും സ്വന്തം മന്ത്രാലയത്തിന്റെ കാര്യങ്ങൾ സഭയിൽ പറയാൻ എത്തുന്നില്ലെന്ന് പി. ചിദംബരം വിമർശിച്ചു. ഇതിനിടയിൽ പുരുണിയ എംപി പപ്പു യാദവ് ഒരു പുരോഹിതന്റെ വേഷം കെട്ടി ഭണ്ഡാരപ്പെട്ടികളുമായി നടന്ന് അയോധ്യയിലെ ‘സംഭാവന മോഷണം’ ആക്ഷേപഹാസ്യ നാടകമാക്കി അവതരിപ്പിച്ചതും ചർച്ചയും വിവാദവുമായി.




