നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം… പ്രതികളുടെ ജാമ്യാപേക്ഷ കോടതി…

കൊച്ചി: നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ കാർ ഇടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ച കേസിൽ പ്രതികൾക്ക് ജാമ്യമില്ല. എറണാകുളം അഡീഷണൽ സെഷൻസ് കോടതി 2 ആണ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയത്. ഒക്ടോബർ 11-ന് പുലർച്ചെയുണ്ടായ അപകടത്തിൽ വാഹനം ഓടിച്ചിരുന്ന ഒന്നാം പ്രതി സുഹൈൽ സജീവ്, മുൻ സീറ്റിലിരുന്ന നിനവ്, അമീർ ജോയൽ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിക്കളഞ്ഞത്.

നേരത്തെ അങ്കമാലി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയും പ്രതികളുടെ ജാമ്യം നിഷേധിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബർ 11-ന് പുലർച്ചെയുണ്ടായ ദാരുണമായ അപകടത്തിൽ വയനാട് മടക്കിമല സ്വദേശിനി ദേവിക സന്തോഷ്, പാലക്കാട് മണ്ണാർക്കാട് സ്വദേശി ഗോപിക, കർണാടക സുള്യ സ്വദേശി ഇയാസ് എന്നിവരാണ് മരിച്ചത്. അപകടത്തിന്റെ ഞെട്ടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങൾ വലിയ തോതിൽ ചർച്ചയായിരുന്നു. കേസിൽ വാഹനം ഓടിച്ചിരുന്ന 19 കാരനായ സുഹൈൽ സജീവിനെതിരെ നരഹത്യ കുറ്റവും ഒപ്പമുണ്ടായിരുന്നവർക്കെതിരെ പ്രേരണാ കുറ്റവുമാണ് ചുമത്തിയിരിക്കുന്നത്. അന്വേഷണം നിർണായക ഘട്ടത്തിലായതിനാൽ പ്രതികൾക്ക് ജാമ്യം നൽകരുതെന്ന പ്രോസിക്യൂഷന്റെ ശക്തമായ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

Related Articles

Back to top button