സംഗീതം മനുഷ്യരെ ഒരുമിപ്പിക്കുന്ന ചൈതന്യം…വിവാദത്തിൽ പ്രതികരിച്ച് നന്ദഗോവിന്ദം ഭജൻസ്…

ക്ഷേത്രത്തിലെ ഭജനയ്ക്കിടെ ക്രിസ്തീയ ഗാനം ആലപിച്ചതിനെ തുടര്‍ന്നുണ്ടായ സൈബര്‍ അധിക്ഷേപങ്ങളില്‍ പ്രതികരണവുമായി നന്ദഗോവിന്ദം ഭജന്‍സ്. തങ്ങള്‍ ഒരു വിശ്വാസങ്ങളേയും വേദനിപ്പിക്കാനല്ല ആ ഗാനം ആലപിച്ചതെന്നും ക്ഷേത്ര പരിപാടിയോട് സഹകരിച്ച കുറച്ചാളുകളോടുള്ള നന്ദി സൂചകമായിരുന്നു ആ ആലാപനമെന്നുമാണ് നന്ദഗോവിന്ദം ഭജന്‍സ് വിശദീകരിച്ചിരിക്കുന്നത്. നന്ദിയും ബഹുമാനവും ആത്മബന്ധവും സംഗീതത്തിലൂടെ പ്രകടിപ്പിക്കാമെന്ന് തങ്ങള്‍ വിശ്വസിക്കുന്നുണ്ടെന്നും നന്ദഗോവിന്ദം ഭജന്‍സ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.

കോട്ടയം വേമ്പിന്‍കുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ഭജന അവതരിപ്പിക്കുന്നതിനിടെ ‘ഈ പരദേവനഹോ’ എന്ന ഗാനം ആലപിച്ചതാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്. പലരും ഈ ഗാനാലാപനത്തെ പ്രശംസിച്ച് രംഗത്തെത്തിയപ്പോള്‍ ചില കോണുകളില്‍ വന്നത് വിമര്‍ശനവും സൈബര്‍ ആക്രമണവുമാണ്. ചിക്കന്‍ മസാല നല്ലതാണെങ്കിലും അത് പായസത്തില്‍ ഇടരുതെന്ന് ഹിന്ദു ഐക്യവേദി രക്ഷാധികാരി കെ പി ശശികല പരിഹസിച്ചതും വലിയ ചര്‍ച്ചയായി. ക്ഷേത്ര പരിപാടിയ്ക്ക് പാര്‍ക്കിംഗ് സഹായം ഉള്‍പ്പെടെ നല്‍കിയ ക്രിസ്ത്യന്‍ പള്ളി അധികൃതരോട് നന്ദി പറഞ്ഞുകൊണ്ട് ശ്രോതാക്കളുടെ അനുവാദം വാങ്ങിയാണ് നന്ദഗോവിന്ദം ഈ ഗാനം ആലപിച്ചത്. ഇതാണ് കേരള സ്റ്റോറിയെന്ന് ചൂണ്ടിക്കാട്ടി ഗാനത്തിന് കൈയടിക്കുന്നവരുമുണ്ട്.

Related Articles

Back to top button