ഒറ്റയാനെ ഭയന്ന് വീട് മാറി….14 വർഷം മുൻപ് ആക്രമിച്ച വീട്ടുകാരെ തേടി വീണ്ടുമെത്തി….സംഭവിച്ചത്…

ഒറ്റയാനെ ഭയന്ന് വീട് മാറിയിട്ടും രക്ഷയില്ല. 14 വർഷത്തിന് ശേഷം മുൻപ് ആക്രമിച്ച വീട്ടുകാരെ തേടി വീണ്ടുമെത്തി കാട്ടാന. കാട്ടാനക്കലിയിൽ ജീവൻ നഷ്ടമായത് 2 പേരെ. ഇതോടെ ഒരേ ആനയുടെ ആക്രമണത്തിൽ ഈ വീട്ടിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം നാലായി. നേപ്പാളിലാണ് സംഭവം. 2012 ഡിസംബറിലാണ് ദുർബെ എന്ന ഒറ്റയാൻ ശനിചര ബോട്ടേയുടെ കുടുംബത്തെ ആക്രമിക്കാൻ ആരംഭിച്ചത്. ചിട്വാൻ ദേശീയ പാർക്കിന് സമീപത്തെ മഡിയ്ക്ക് സമീപത്തായിരുന്നു ഈ കുടുംബം താമസിച്ചിരുന്നത്. ശനിചര ബോട്ടേയുടെ മാതാപിതാക്കളെയാണ് ദുർബെ ആദ്യം കൊല്ലുന്നത്. ആനയുടെ ആക്രമണം ഭയന്ന് 15 കിലോമീറ്റർ അകലെയുള്ള സ്ഥലത്തേക്ക് താമസം മാറി. രാപ്തി നദി മുറിച്ച് കടന്ന് ജഗത്പൂർ എന്നയിടത്തേക്കാണ് കുടുംബം താമസം മാറിയത്.
വർഷങ്ങളോളം കാട്ടാന ശല്യമില്ലാതിരുന്ന മേഖലയിലേക്ക് ദിവസങ്ങൾക്ക് മുൻപാണ് ദുർബെ എത്തുന്നത്. ഇക്കുറി ശനിചര ബോട്ടേയുടെ പേരക്കുട്ടിയും മരുമകളുമാണ് കാട്ടാനക്കലിക്ക് ഇരയായത്. 25കാരിയായ അഷിക ബോട്ടേയും നാല് വയസ് പ്രായമുള്ള മകൻ ഭരത് ബോട്ടേയുമാണ് കഴിഞ്ഞ ദിവസം കാട്ടാന ചവിട്ടിക്കൊന്നത്. പ്രധാന നദി മുറിച്ച് കടന്ന് ഒറ്റയാൻ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് ശനിചര ബോട്ടേ പ്രതികരിക്കുന്നത്. ഇനി എവിടേയ്ക്കും ഓടാനില്ലെന്നും ശനിചര ബോട്ടേ പ്രാദേശിക മാധ്യമങ്ങളോട് വിശദമാക്കുന്നത്.



