പേഴ്സണൽ സ്റ്റാഫ് നിയമന ആരോപണത്തിൽ പ്രതികരിച്ച് സിദ്ദിഖ്

തൻറെ പേഴ്സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് കൃഷി മന്ത്രി ടി സിദ്ദിഖ്. മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതരായ കുട്ടികളുടെ തുടർ പഠനവുമായി ബന്ധപ്പെട്ട് തൻറെ വിദ്യാഭ്യാസ പദ്ധതിയുടെ നെടുംതൂണായി പ്രവർത്തിക്കുന്ന ഉന്നത ബിരുദധാരിയെ കുറിച്ചുള്ള വാർത്ത തെറ്റാണെന്നാണ് മന്ത്രിയുടെ വിശദീകരണം.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രണവ് സി ഹരി മുണ്ടക്കൈ – ചൂരൽമല വിദ്യാഭ്യാസ പദ്ധതിയുടെ ടീം ഹെഡായി മികച്ച പ്രവർത്തനം നടത്തുകയാണെന്ന് മന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ യോഗ്യതയും അക്കാദമിക മികവും ഉള്ള വ്യക്തിയാണ് പ്രണവ്. അമിറ്റി യൂണിവേഴ്സിറ്റിയിൽ നിന്ന് എൽ എൽ ബി മൂന്നാം റാങ്കോടെ വിജയിച്ചു. നിയമത്തിലും സാമ്പത്തിക ശാസ്ത്രത്തിലും ബിരുദമുണ്ട്. ഇന്ത്യൻ ലോ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പിജി ഡിപ്ലോയും സർട്ടിഫിക്കേഷനും നേടി. ബ്രിട്ടീഷ് സ്റ്റാൻറേർഡ് ഇൻസ്റ്റിറ്റ്യൂട്ടിൽ റിസ്ക് മാനേജ്മെൻറ് ആൻറ് ക്വാളിറ്റി മാനേജ്മെൻറ് ഒന്നാം റാങ്കുകാരനുമാണ്. ഇങ്ങനെയുള്ള വ്യക്തിയെ ബിസിനസുകാരൻ മാത്രമായി ചിത്രീകരിച്ചത് വസ്തുതകൾക്ക് നിരക്കാത്തതാണെന്ന് മന്ത്രി പറഞ്ഞു.
അതേസമയം പ്രണവ് സി ഹരിയെ തൻറെ പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തണമെന്ന് മുഖ്യമന്ത്രിയോട് ഇതുവരെ ശുപാർശ ചെയ്തിട്ടില്ലെന്നും എന്നാൽ ആവശ്യമെങ്കിൽ ഉചിതമായ സമയത്ത് പ്രണവിന്റെ നിയമനത്തിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഈ വിഷയത്തിൽ പുറത്തുവന്ന വാർത്ത തെറ്റാണെന്നും ചില പ്രയാസങ്ങൾ ഉണ്ടായെങ്കിലും ഗൗരവമാക്കുന്നില്ലെന്നും ടി സിദ്ദിഖ് പറഞ്ഞു.



