ആസൂത്രണ ബോർഡ് നിയമനത്തിൽ പിഎസ്സിക്ക് കനത്ത തിരിച്ചടി

ആസൂത്രണ ബോർഡിലെ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തിൽ കേരള പബ്ലിക് സർവീസ് കമ്മീഷന് തിരിച്ചടി. ഈ നിയമനവുമായി ബന്ധപ്പെട്ട പരീക്ഷാ രേഖകൾ അടിയന്തരമായി പുറത്തുവിടാൻ സംസ്ഥാന വിവരാവകാശ കമ്മിഷൻ ഉത്തരവിട്ടു. നിയമന നടപടികളിലെ സുതാര്യത ചോദ്യംചെയ്യപ്പെട്ട സാഹചര്യത്തിലാണ് പരീക്ഷാ രേഖകൾ പരസ്യപ്പെടുത്താനുള്ള കമ്മീഷന്റെ നിർദ്ദേശം. ഉദ്യോഗാർഥികൾക്ക് അഭിമുഖത്തിൽ ലഭിച്ച മാർക്കും ഉത്തരക്കടലാസുകളും ഉൾപ്പെടെയുള്ള വിവരങ്ങൾ ഉടൻ പുറത്തുവിടണമെന്നാണ് ഉത്തരവിൽ പറയുന്നു. ആസൂത്രണ ബോർഡിലെ ഉയർന്ന തസ്തികയായ ചീഫ് നിയമനത്തിന് 2022-ലായിരുന്നു വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ വിഭാഗം, പേഴ്സ്പെക്ടീവ് പ്ലാനിങ് വിഭാഗം, പ്ലാനിങ് കോഡിനേഷൻ വിഭാഗം എന്നിവയിൽ ഓരോ ഒഴിവാണുണ്ടായിരുന്നത്. മൂന്നിനും രണ്ട് പേപ്പർ വീതമായിരുന്നു പരീക്ഷ. അതിൽ ആദ്യ പേപ്പർ മൂന്ന് വിഭാഗക്കാർക്കും പൊതുവായിരുന്നു.
ഇരുനൂറിലേറെപ്പേരാണ് പരീക്ഷയെഴുതിയത്. ഒൻപതുമുതൽ 18 വരെയുള്ള ചോദ്യങ്ങളുടെ ഉത്തരങ്ങൾ മൂല്യനിർണയം നടത്താതെ ബാക്കിയുള്ള ഉത്തരങ്ങളുടെ മാർക്കും അഭിമുഖത്തിന്റെ മാർക്കും ചേർത്ത് റാങ്ക് പട്ടിക 2025 മെയ് മാസം പ്രസിദ്ധീകരിച്ചു. ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ, പ്ലാനിങ് കോഡിനേഷൻ വിഭാഗങ്ങളിൽ ഒന്നാം റാങ്കുകാർക്ക് നിയമനശുപാർശ അയച്ച് 2025 ജൂണിൽ നിയമനവും നൽകി. ഒന്നേകാൽ ലക്ഷത്തിലേറെ രൂപ ശമ്പളംലഭിക്കുന്ന തസ്തികകളിൽ നിയമനം നേടിയവർ ഇടതുപക്ഷ സംഘടനാപ്രവർത്തകരാണെന്നാണ് ആരോപണം.



