ഗതാഗതമന്ത്രി സഞ്ചരിച്ച വാഹനത്തിന് ഏഴ് ചലാൻ കുടിശ്ശിക ; പുകപരിശോധനാ സർട്ടിഫിക്കറ്റുമില്ല

ഗതാഗതമന്ത്രി സി.പി. ജോൺ കാസർഗോഡെത്തിയപ്പോൾ ഉപയോഗിച്ച ഔദ്യോഗികവാഹനത്തിന് പുകപരിശോധനാ സർട്ടിഫിക്കറ്റില്ല. വാഹനത്തിന്റെ പേരിൽ ‘വാഹൻ’ സൈറ്റിൽ ഗതാഗതനിയമലംഘനത്തിന് പിഴയടയ്ക്കാനുള്ള ഏഴ് ചലാനും കുടിശ്ശികയായുണ്ടായിരുന്നു. വാഹനത്തിന് ഇൻഷുറൻസുണ്ടെങ്കിലും ‘പരിവാഹൻ’ സൈറ്റിൽ അപ്ഡേറ്റ് ചെയ്തിട്ടുമില്ല. ടൂറിസം വകുപ്പിനു കീഴിലുള്ള കെ.എൽ. 01 ബി.ക്യു. 0478 നമ്പറിലുള്ള ഈ വാഹനം കേരള സ്റ്റേറ്റ് 160 എന്ന ബോർഡ് വെച്ചാണ് ഓടുന്നത്. മന്ത്രി കാസർഗോഡെത്തിയപ്പോൾ ഔദ്യോഗികപരിപാടികൾക്കായാണ് വാഹനമുപയോഗിച്ചത്. പോലീസിന്റെയും മോട്ടോർവാഹനവകുപ്പിന്റെയും വാഹനങ്ങൾ ഈ വാഹനത്തിന് അകമ്പടിയായുമുണ്ടായിരുന്നു.

2023 മുതൽ 2026 വരെയുള്ളതാണ് ചലാനുകൾ. ഇതിലേറെയും ഡ്രൈവർക്ക് പുറമേ മുൻസീറ്റിലുള്ള യാത്രക്കാരൻ സീറ്റ് ബെൽറ്റ് ധരിക്കാത്തതിനാണ്. ടൂറിസം വകുപ്പിനു കീഴിലുള്ള വാഹനം നിലവിൽ കാസർകോട് ഗവ. ഗസ്റ്റ് ഹൗസിന്റെ പക്കലാണുള്ളത്. പുകപരിശോധനാ സർട്ടിഫിക്കറ്റിന്റെ കാലാവധി ഏപ്രിൽ ആറിന് കഴിഞ്ഞതാണ്. ഇൻഷുറൻസ് കാലാവധി മേയ് 17-ന് കഴിഞ്ഞതിനു പിന്നാലെ 18-ന് പുതുക്കിയിട്ടുണ്ട്. കേരള സംസ്ഥാന ഇൻഷുറൻസ് വകുപ്പ് വഴിയാണിത് പുതുക്കിയത്. എന്നാൽ പരിവാഹൻ സൈറ്റിൽ അപ്ഡേറ്റ് ചെയ്യാത്തതിനാൽ വാഹനത്തിന്റെ നമ്പർവെച്ച് പരിശോധിക്കുമ്പോൾ ഇൻഷുറൻസില്ലെന്ന് തെറ്റിദ്ധരിക്കും.

തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഔദ്യോഗികാവശ്യത്തിന് ഓടിയിരുന്ന വാഹനം 2026 ജനുവരിയിലാണ് കാസർകോട് ഗവ. ഗസ്റ്റ് ഹൗസിന് ലഭിക്കുന്നത്. പുകപരിശോധനാ സർട്ടിഫിക്കറ്റിന് നൽകിയിട്ടുള്ള ഫോൺനമ്പർ തിരുവനന്തപുരത്തെ ഒരു ജീവനക്കാരന്റെതായിരുന്നു. അതിനാൽ ഇത് പുതുക്കുന്നതിനും തടസ്സമായി. ഇപ്പോൾ വിവാദമായതിനെത്തുടർന്ന് ജീവനക്കാരനെ അന്വേഷിച്ച് കണ്ടെത്തി ചൊവ്വാഴ്ചതന്നെ പുതുക്കി. സർക്കാർ വാഹനങ്ങളുടെ ഇൻഷുറൻസ് കേരള സംസ്ഥാന ഇൻഷുറൻസ് വകുപ്പ് വഴി പുതുക്കുന്നത് കൃത്യമായി അപ്‌ഡേറ്റ് ചെയ്യാത്തതും പ്രശ്‌നമാണ്.

Related Articles

Back to top button