അമിത അളവില്‍ അനസ്‌തേഷ്യ കുത്തിവെച്ച് ഭാര്യയെ കൊന്നു..ഭര്‍ത്താവും സുഹൃത്തുക്കളായ നഴ്‌സുമാരും അറസ്റ്റില്‍…
ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവും സുഹൃത്തുക്കളും അറസ്റ്റില്‍.ഭാര്യയെ അമിത അളവില്‍ അനസ്‌തേഷ്യ കുത്തിവെച്ച് കൊലപ്പെടുത്തിയ കേസിലാണ് ഭർത്താവ് പ്രദ്യുമ്‌ന കുമാര്‍ (24) അറസ്റ്റിലായത്. കൊലയ്ക്ക് പ്രദ്യുമ്‌നയെ സഹായിച്ച നഴ്‌സുമാരായ റോജി പത്ര, എജിത ഭൂയാന്‍ എന്നിവരേയും പൊലീസ് അറസ്റ്റ് ചെയ്തു. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് കൊലപാതകം ചുരുളഴിഞ്ഞത്.ഒഡീഷയിലെ ഭുവനേശ്വറിലാണ് സംഭവം.
തിങ്കളാഴ്ചയാണ് പ്രദ്യുമ്‌നയുടെ ഭാര്യ സുബശ്രീ നായക്ക്(26) മരിച്ചത്. സുബശ്രീ ആത്മഹത്യക്ക് ശ്രമിച്ചുവെന്ന് പറഞ്ഞ് പ്രദ്യുമ്‌ന ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തൊട്ടുപിന്നാലെ സുബശ്രീ മരിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ അമിത അളവില്‍ അനസ്‌തേഷ്യ കുത്തിവെച്ചാണ് സുബശ്രീയുടെ മരണമെന്ന് വ്യക്തമായി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ സുബശ്രീയെ കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായി. ചോദ്യം ചെയ്യലില്‍ പ്രദ്യുമ്‌ന കുറ്റം സമ്മതിച്ചു. താനും നഴ്‌സുമാരായ റോജിയും എജിതയും ചേര്‍ന്ന് സുബശ്രീയെ കൊലപ്പെടുത്തിയതാണെന്ന് പ്രദ്യുമ്‌ന പറഞ്ഞു.
2020ലായിരുന്നു ബിജെബി നഗര്‍ സ്വദേശിനിയായ സുബശ്രീയും മര്‍ഷാഘായ് സ്വദേശിയായ പ്രദ്യുമ്‌നയും തമ്മിലുള്ള വിവാഹം. ഏറെ നാള്‍ പ്രണയിച്ച ശേഷമായിരുന്നു ഇരുവരും വിവാഹിതരായത്. വിവാഹത്തിന് ശേഷം പ്രദ്യുമ്‌ന സുബശ്രീയെ ശാരീരികമായി ഉപദ്രവിക്കുന്നത് പതിവാക്കി. ഇതോടെ സുബശ്രീ സ്വന്തം വീട്ടിലേക്ക് പോയി. ഇതിനിടെ ഭാര്യയെ കൊലപ്പെടുത്താന്‍ പ്രദ്യുമ്‌ന പദ്ധതിയിട്ടു. സുബശ്രീ തന്നെ സ്ഥിരം ഉപദ്രവിക്കുകയാണെന്നും അവളെ കൊലപ്പെടുത്തണമെന്നും പ്രദ്യുമ്‌ന നഴ്‌സ് സുഹൃത്തുക്കളോട് പറഞ്ഞു. തുടര്‍ന്നാണ് അമിത അളവില്‍ അനസ്‌തേഷ്യ കുത്തിവെച്ച് സുബശ്രീയെ കൊലപ്പെടുത്താന്‍ മൂവര്‍ സംഘം തീരുമാനിച്ചത്.