കൊടും ചതി, ജീവന് പോലും ഭീഷണി…സിലിണ്ടറിൽ പച്ചവെള്ളം നിറച്ചുള്ള തട്ടിപ്പിനെതിരെ മലപ്പുറം കളക്ടർ…കർശന നടപടി..
ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ചേളാരിയിലെ ബോട്ട്‌ലിങ് പ്ലാന്റില്‍ നിന്ന് ഏജന്‍സികളിലേക്ക് കൊണ്ട് പോകുന്ന പാചക വാതക സിലിണ്ടറുകളില്‍ ദ്രവ വസ്തുക്കള്‍ കലര്‍ത്തി ഉപഭോക്താക്കളെ കബളിപ്പിക്കുന്ന മാഫിയ പ്രവര്‍ത്തിക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്നും ഇതിനെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ വി ആര്‍ വിനോദ് അറിയിച്ചു. സിലിണ്ടറുകളില്‍ നിന്ന് പാചക വാതകം ചോര്‍ത്തി ബാക്കി വെള്ളമോ മറ്റ് മായങ്ങളോ ചേര്‍ത്ത് ഏജന്‍സികളില്‍ എത്തിക്കുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഉപഭോക്താക്കള്‍ക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടത്തോടൊപ്പം മനുഷ്യ ജീവന് വരെ വലിയ അപകടങ്ങള്‍ക്ക് കാരണമാകുന്നതാണ് സിലിണ്ടറുകളില്‍ വെള്ളവും മറ്റും നിറക്കുന്നത്. ഇത് സംബന്ധമായി ലഭിച്ച പരാതി ജില്ലാ പൊലീസ് മേധാവിക്ക് കൈമാറിയിട്ടുണ്ട്. സിലിണ്ടറുകള്‍ കൊണ്ടു പോകുന്ന ട്രക്കുകള്‍ സംശയകരമായ സാഹചര്യത്തില്‍ വഴിയില്‍ നിര്‍ത്തി സിലിണ്ടറുകള്‍ പുറത്തെടുക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ പൊലീസിനെ അറിയിക്കണമെന്ന് ജില്ലാ കളക്ടര്‍ അഭ്യര്‍ഥിച്ചു. പാചക വാതക സിലിണ്ടറുകളില്‍ മായം കലര്‍ത്തി ഏജന്‍സികളില്‍ എത്തിക്കുന്ന മാഫിയ പ്രവര്‍ത്തിക്കുന്നതായി സംശയിക്കുന്നതായും ഇതില്‍ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ചേളാരിയിലെ ഇന്‍ഡേന്‍ ബോട്ട്‌ലിങ് പ്ലാന്റ് ചീഫ് പ്ലാന്റ് മാനേജറാണ് മലപ്പുറം ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്‍കിയത്. കോഴിക്കോട് ജില്ലയിലെ ഒരു പാചക വാതക വിതരണ ഏജന്‍സി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നിവേദനം.