തിരഞ്ഞെടുപ്പ് ഓഫീസറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയാക്കിയത് ‘ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ’… വി.ഡി സതീശനെതിരെ സിപിഐഎം

തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കറെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ സെക്രട്ടറിയായി നിയമിച്ച നടപടിക്കെതിരെ കടുത്ത രാഷ്ട്രീയ പ്രത്യാക്രമണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്. ഈ നിയമനം നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെ തന്നെ പൂർണ്ണമായി ചോദ്യം ചെയ്യുന്നതാണെന്ന് സിപിഐഎം ഔദ്യോഗിക പ്രസ്താവനയിലൂടെ കുറ്റപ്പെടുത്തി. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഇന്നേവരെ കേട്ടുകേൾവിയില്ലാത്ത വിധം, തിരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ ഒരു ഉദ്യോഗസ്ഥന് ‘ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ’ എന്ന രീതിയിലാണ് യുഡിഎഫ് സർക്കാർ ഈ പദവി വെച്ചുനീട്ടിയിരിക്കുന്നതെന്ന് പ്രസ്താവനയിൽ പറയുന്നു.
തിരഞ്ഞെടുപ്പ് ഘട്ടത്തിൽ യു.ഡി.എഫിന് അനുകൂലമായി കമ്മീഷൻ പക്ഷപാതപരവും ദുരൂഹവുമായ പല നടപടികളും സ്വീകരിച്ചിരുന്നുവെന്ന എൽ.ഡി.എഫിന്റെ മുൻ ആരോപണങ്ങൾ ശരിവെക്കുന്നതാണ് പുതിയ സംഭവവികാസങ്ങളെന്ന് സി.പി.ഐ.എം ചൂണ്ടിക്കാട്ടി.
സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രസ്താവന…
ചീഫ് ഇലക്ടറല്‍ ഓഫീസറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചത്, നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെത്തന്നെ ചോദ്യം ചെയ്യുന്ന നടപടിയാണ്. തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ എന്നതുപോലെ ഇത്തരം ഒരു നിയമനം നടത്തിയ അനുഭവം കേരളത്തില്‍ ഇന്നോളം ഉണ്ടായിട്ടില്ല. തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ യുഡിഎഫിന് വേണ്ടി കമ്മീഷന് പക്ഷപാതപരവും, ദുരൂഹവുമായ പല നടപടികളും സ്വീകരിച്ചുവെന്ന എല്‍ഡിഎഫ് ആരോപണം ശരിവെക്കുന്ന കാര്യങ്ങളാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.
രാഷ്ട്രീയ പാര്‍ടികള്‍ക്കുള്ള കത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ സീലിന് പകരം ബിജെപി സീല്‍ കാണപ്പെട്ടതും വിവാദമായിരുന്നു. പശ്ചിമ ബംഗാളില്‍ സമാനമായ രീതിയില്‍ നിയമനങ്ങള്‍ നടന്നപ്പോള്‍, ബിജെപിയും, തിരഞ്ഞെടുപ്പ് കമ്മീഷനുമായുള്ള കള്ളച്ചന്തയില്‍ മോഷണം വലുതാണെങ്കില്‍ പ്രതിഫലവും വലുതാണ് എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. നിയമനം, ലജ്ജയില്ലാത്ത കൂട്ടുകെട്ടും, ഒത്തുകളിയുമെന്ന് എഐസിസി പ്രതികരിച്ചു. കേരളത്തില്‍ നടന്നത് കോണ്‍ഗ്രസും, ബിജെപിയും, തിരഞ്ഞെടുപ്പ് കമ്മീഷനുമായുള്ള ലജ്ജയില്ലാത്ത ഒത്തുകളിയും, കൂട്ടുകെട്ടുമല്ലേ എന്ന് രാഹുല്‍ ഗാന്ധിയും അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയും വ്യക്തമാക്കണം.
എസ്ഐആറിന്റെ പേരില്‍ ദശലക്ഷക്കണക്കിന് വോട്ടാണ് കേരളത്തില്‍ ഇല്ലാതാക്കിയത്. യഥാര്‍ത്ഥ വോട്ടര്‍മാരുടെ വോട്ട് ഡിലീറ്റ് ചെയ്യുകയും, അനര്‍ഹരെ നിലനിര്‍ത്തുകയും ചെയ്ത കമ്മീഷന് നിലപാടിനെതിരെ അന്ന് തന്നെ ഇടതുപക്ഷം രംഗത്തെത്തിയിരുന്നു. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ മുന്‍കൂട്ടി പ്രഖ്യാപിച്ച തീയതിക്ക് ഒരാഴ്ച മുന്‍പ് ആരെയും അറിയിക്കാതെ പേര് ചേര്‍ക്കുന്നത് അവസാനിപ്പിക്കാനും കമ്മീഷന് നിര്‍ബന്ധം പിടിച്ചിരുന്നു. യുഡിഎഫിന്റെ വോട്ടുകളാകെ ആദ്യം തന്നെ ചേര്‍ത്തുവെന്ന് ഉറപ്പാക്കിയ ശേഷമായിരുന്നു പട്ടിക അന്തിമമാക്കാനുള്ള ഈ ധൃതിയെന്ന സംശയം ഇപ്പോള്‍ ബലപ്പെടുകയാണ്.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തില്‍ ബിജെപി സീല്‍ പതിപ്പിച്ചതും ഇത്തരത്തിലുള്ള മറ്റൊരു ഇടപെടലാണ്. പാലക്കാട് മണ്ഡലത്തില്‍ ഉള്‍പ്പെടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് ചിഹ്നം അനുവദിക്കുന്നതിലും പല ആശയക്കുഴപ്പങ്ങളും ഉണ്ടായിരുന്നു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളുടെ പല ചിഹ്നങ്ങളും വ്യക്തമായി കാണാത്ത രീതിയില്‍ വോട്ടിംഗ് മിഷ്യനില്‍ പ്രിന്റ് ചെയ്തുവെന്ന പരാതികളുമുണ്ട്. തിരഞ്ഞെടുപ്പിന് നിയോഗിക്കപ്പെട്ട ലക്ഷക്കണക്കിന് ജീവനക്കാര്‍ക്ക് വോട്ടവകാശം നിഷേധിക്കപ്പെട്ടതും കേരളം കണ്ടു. തിരഞ്ഞെടുപ്പ് നടന്ന് ആഴ്ചകള്‍ കഴിഞ്ഞിട്ടും വോട്ടിംഗ് ശതമാനം പോലും കൃത്യമായി പുറത്തുവിടാന്‍ കമ്മീഷന് തയ്യാറായിരുന്നില്ല. സ്ട്രോങ് റൂമുകള്‍ തുറന്നുവെന്ന ആക്ഷേപം പോലുമുണ്ടായി. ഇതിനെല്ലാം പിന്നില്‍ ആസൂത്രിതമായ ഇടപെടലാണോ എന്ന സംശയമാണ് ഈ നിയമനത്തോടെ ബലപ്പെടുന്നത്.
ബംഗാളില്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ ചീഫ് ഇലക്ഷന് ഓഫീസര്‍ മനോജ് അഗര്‍വാളിനെ ചീഫ് സെക്രട്ടറിയായും, എസ്.ഐ.ആറിന് നേതൃത്വം നല്കിയ സുബ്രത ഗുപ്തയെ മുഖ്യമന്ത്രിയുടെ മുഖ്യോപദേശകനായും നിയമിച്ചത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സിപിഐ എം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ ദേശീയ തലത്തില്‍ ഈ വിഷയം ചര്‍ച്ചയാക്കിയിരുന്നു. തിരഞ്ഞെടുപ്പ് പോലെയുള്ള ചുമതലകളില്‍ നിയോഗിക്കപ്പെടുന്ന പ്രധാന ഉദ്യോഗസ്ഥര്‍ക്ക് വിജയിച്ച സര്‍ക്കാരിന് കീഴില്‍ ഉന്നതപദവി നല്‍കുന്നതിന് കൂള്‍ ഓഫ് ടൈം ഏര്‍പ്പെടുത്തണം എന്നായിരുന്നു എ.ഐ.സി.സിയുടെ ആവശ്യം. ബംഗാളിലെ നിയമനത്തെ ദേശീയതലത്തില്‍ ഇങ്ങനെ വിമര്‍ശിച്ച കോണ്‍ഗ്രസ് പാര്‍ടിയും രാഹുല്‍ ഗാന്ധിയും കേരളത്തിലെ സമാനമായ നീക്കത്തെ എങ്ങനെ കാണുന്നുവെന്ന് വ്യക്തമാക്കണം.
ഒരുവശത്ത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷതയെ അട്ടിമറിക്കാന്‍ കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍, സമാനമായ നിലയിലുള്ള ഇടപെടലുകള്‍ കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന സംസ്ഥാന സര്‍ക്കാരും നടത്തുകയാണ്. രാഷ്ട്രീയ നേതൃത്വത്തിന്റെ ഇംഗിതത്തിന് വഴങ്ങി തീരുമാനമെടുക്കുന്ന സംവിധാനമായി തിരഞ്ഞെടുപ്പ് കമ്മീഷനുകളും മാറുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയെ തന്നെ ഇല്ലാതാക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടലുകള്‍ക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.



