പെരിയ ഇരട്ടക്കൊലക്കേസ്…. ഒന്നാം പ്രതി പീതാംബരൻ ഉൾപ്പെടെയുള്ള പ്രതികൾക്ക് കൂട്ട പരോൾ…. നീക്കം സർക്കാർ കാലാവധി കഴിയും മുൻപെന്ന് ആക്ഷേപം

കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികൾക്ക് കൂട്ട പരോൾ അനുവദിച്ച് ജയിൽ വകുപ്പ്. ഒന്നാം പ്രതി പീതാംബരൻ ഉൾപ്പെടെയുള്ള പ്രധാന പ്രതികൾക്കാണ് ഇപ്പോൾ പരോൾ ലഭിച്ചിരിക്കുന്നത്. എൽഡിഎഫ് സർക്കാർ അധികാരം ഒഴിയുന്നതിന് തൊട്ടുമുമ്പ് അതീവ രഹസ്യമായും തിരക്കിട്ടുമാണ് പ്രതികൾക്ക് പരോൾ അനുവദിച്ചതെന്ന ആക്ഷേപം ഇതിനകം തന്നെ ഉയർന്നു കഴിഞ്ഞു.

കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്ന ഒന്നാം പ്രതി – പീതാംബരൻ, നാലാം പ്രതി – അനിൽ, അഞ്ചാം പ്രതി – ഗിജിൻ, ഏഴാം പ്രതി – അശ്വിൻ, പതിനഞ്ചാം പ്രതി – സുരേന്ദ്രൻ എന്നിവർക്ക് 20 ദിവസത്തെ പരോളാണ് ജയിൽ വകുപ്പ് അനുവദിച്ചിരിക്കുന്നത്. പരോൾ ഉത്തരവ് പുറത്തിറങ്ങിയതോടെ ഇവർ അഞ്ച് പേരും കാസർകോട് ജില്ലയിൽ തിരിച്ചെത്തിയിട്ടുണ്ട്.

യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ സിപിഎം പ്രാദേശിക നേതാവായിരുന്ന പീതാംബരൻ ഉൾപ്പെടെയുള്ള പ്രതികൾക്ക് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് പരോൾ അനുവദിച്ചതെന്ന ആരോപണവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്താൻ സാധ്യതയുണ്ട്. നിയമസഭാ കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ജയിൽ വകുപ്പ് കാണിച്ച അമിത തിടുക്കം വരും ദിവസങ്ങളിൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിതുറന്നേക്കും.

Related Articles

Back to top button