സ്കൂൾ വിദ്യാർഥികളിൽ ജീവിതശൈലീ രോഗങ്ങൾ വർധിക്കുന്നു: നിയമസഭയിൽ കണക്കുകൾ നിരത്തി സർക്കാർ

സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികൾക്കിടയിൽ രക്താതിമർദ്ദവും അമിതവണ്ണവും ഉൾപ്പെടെയുള്ള ഗുരുതരമായ ജീവിതശൈലീ രോഗങ്ങൾ ആശങ്കാജനകമായ രീതിയിൽ വർധിക്കുന്നതായി സർക്കാർ നിയമസഭയെ അറിയിച്ചു. പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിൽ എംഎൽഎമാരായ സേനാപതി വേണു, ഉമാ തോമസ്, വി.ടി. സൂരജ്, എം.എം. നസീർ എന്നിവരുടെ നക്ഷത്രചിഹ്നമിട്ട ചോദ്യത്തിന് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീനാണ് രേഖാമൂലം മറുപടി നൽകിയത്. കുട്ടികളിലെ രോഗബാധ തടയുന്നതിനായി ‘അക്ഷരം ആരോഗ്യം’ പദ്ധതി ഉൾപ്പെടെയുള്ള സമഗ്ര പ്രതിരോധ കർമ്മപദ്ധതികൾ സ്കൂളുകളിൽ നടപ്പിലാക്കിവരികയാണെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം മെഡിക്കൽ കോളജ് ചൈൽഡ് ഡെവലപ്മെന്റ് സെന്ററുമായി (സിഡിസി) ചേർന്ന് 15 ഹയർസെക്കൻഡറി സ്കൂളുകളിൽ നടത്തിയ പ്രാഥമിക പഠനത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. പഠനവിധേയരായ വിദ്യാർഥികളിൽ 8.6 ശതമാനം പേർക്ക് ഹൈപ്പർടെൻഷൻ, 30 ശതമാനം കുട്ടികളിൽ ഉയർന്ന രക്തസമ്മർദ്ദവും കണ്ടെത്തി. കുട്ടികളിലെ അമിതവണ്ണവും ടൈപ്പ്-2 പ്രമേഹവും നിയന്ത്രിക്കുന്നതിനായി സിഡിസി, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ എന്നിവയുമായി സഹകരിച്ച് സംസ്ഥാനത്തെ മുഴുവൻ സർക്കാർ ഹയർസെക്കൻഡറി സ്കൂളുകളിലും ‘ലൈഫ് സ്റ്റൈൽ ഡിസീസ് ഇന്റർവെൻഷൻ’ പദ്ധതി ആരംഭിച്ചിട്ടുണ്ട്.



