ഇടത്തോട്ടോ… വലത്തോട്ടോ…ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം…

തിരുവനന്തപുരം: രാഷ്ട്രീയകേരളം കാത്തുകാത്തിരുന്ന ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. ഇന്ന് രാവിലെ എട്ടിന് നിർണ്ണായക വോട്ടെണ്ണൽ തുടങ്ങാനിരിക്കെ മുന്നണികളുടെ പ്രതീക്ഷ വാനോളമാണ്. കെ പി സി സി ആസ്ഥാനത്ത് ആഘോഷിക്കാൻ പന്തലിട്ട കോൺഗ്രസ് ഭരണമാറ്റം ഉറപ്പിച്ചുകഴിഞ്ഞു. ഭരണത്തുടർച്ച തന്നെ എന്ന് ഇപ്പോഴും കണക്ക് കൂട്ടുന്നു എൽ ഡി എഫ്. ഒന്നിലേറെ സീറ്റുകളുമായി കരുത്തുകാട്ടുമെന്നാണ് ബി ജെ പിയുടെ വിശ്വാസം. ഭരണമാറ്റമോ, ഭരണത്തുടർച്ചയോ എന്നതിന് പുറമെ തരംഗമോ, തൂക്ക് സഭയോ എന്ന് വരെയുണ്ട് കേരളത്തിലെ ആകാംക്ഷ. അന്തരീക്ഷച്ചൂട് കുറഞ്ഞെങ്കിലും കേരളത്തിന്റെ രാഷ്ട്രീയ താപനില കുതിച്ചു കുതിച്ചുകയറുകയാണ്. രാവിലെ എട്ട് മണിക്ക് ബാലറ്റ് പെട്ടി തുറക്കുന്നതോടെ കേരളത്തിന്റെ കാത്തിരിപ്പിന് അവസാനമാകും. ഒപ്പം അടുത്ത 5 വർഷം ആര് ഭരിക്കണമെന്ന ജനവിധിയും വ്യക്തമാകും.



