ട്രെയിനിലെ കോച്ചിനുള്ളിൽ സീറ്റിനടിയിൽ യുവതിയുടെ അർധ നഗ്ന മൃതദേഹം..

കർണാടകയിലെ ധാർവാഡിലെ റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിലെ കോച്ചിനുള്ളിൽ യുവതിയുടെ അർധ നഗ്ന മൃതദേഹം കണ്ടെത്തി. സീറ്റിനടിയിലായിരുന്നു മൃതദേഹം. യുവതി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടതാണോ എന്നാണ് സംശയം. ഇന്ന് രാവിലെ ധാർവാഡ് റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിലെ കോച്ചിനുള്ളിൽ, സീറ്റിനടിയിലായാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ട്രെയിനിലെ പതിവ് പരിശോധനയ്ക്കിടെ റെയിൽവേ ജീവനക്കാരാണ് മൃതദേഹം ആദ്യം കണ്ടത്. ജീവനക്കാർ വിവരമറിയിച്ചതിന് പിന്നാലെ ധാർവാഡ് റെയിൽവേ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
രാത്രിയാത്രയ്ക്കിടെ ഒറ്റയ്ക്കായ യുവതിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയതാണോ എന്ന സംശയം ഉയരുന്നുണ്ട്. മൃതദേഹം അർധ നഗ്നമായ നിലയിലാണ് കണ്ടെത്തിയത് എന്നതിനാലാണ് ഈ സംശയം. മറ്റെവിടെയെങ്കിലും വച്ച് കൊലപ്പെടുത്തി മൃതദേഹം ട്രെയിനുള്ളിൽ ഉപേക്ഷിച്ചിരിക്കാനുള്ള സാധ്യതയും പൊലീസ് തള്ളിയിട്ടില്ല.
കോലാപൂരിൽ നിന്ന് എത്തിയതായിരുന്നു ട്രെയിൻ. മരിച്ച യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല. മൃതശരീരം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. വിശദമായ അന്വേഷണത്തിനും ശാസ്ത്രീയ പരിശോധനകൾക്കും ശേഷമേ യഥാർത്ഥ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.




