കൂടത്തായി റോയ് വധക്കേസ്; വിചാരണ അന്തിമഘട്ടത്തിലേക്ക്, വിസ്തരിച്ചത് 130ലേറെ സാക്ഷികളെ

കൂടത്തായി റോയ് തോമസ് വധക്കേസിലെ വിചാരണ അന്തിമഘട്ടത്തിലേക്ക് കടക്കുന്നു. കേസിലെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ഹരിദാസനെ ഇന്ന് കോടതി വിസ്തരിക്കുന്നതോടെ വിചാരണ നടപടികൾ ഏകദേശം പൂർത്തിയാകും. തുടർന്ന് ഇരുപക്ഷത്തിന്റെയും അന്തിമ വാദങ്ങൾ കേട്ട ശേഷം കോടതി വിധി പറയുന്ന ഘട്ടത്തിലേക്ക് കേസ് നീങ്ങും.
കേസിൽ ഇതിനോടകം 130-ലധികം സാക്ഷികളെ കോടതി വിസ്തരിച്ചിട്ടുണ്ട്. ശാസ്ത്രീയ തെളിവുകൾ, ഫോറൻസിക് റിപ്പോർട്ടുകൾ, അന്വേഷണ രേഖകൾ എന്നിവയും കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. കൂടത്തായി കൂട്ടക്കൊല പരമ്പരയുമായി ബന്ധപ്പെട്ട് ജോളി പ്രതിയായ കേസുകളിൽ ആദ്യം വിധി പ്രഖ്യാപിക്കുക റോയ് തോമസ് വധക്കേസിലായിരിക്കും.
2011 സെപ്റ്റംബറിലാണ് ആദ്യ ഭർത്താവായ റോയ് തോമസിന് സയനൈഡ് കലർത്തിയ ഭക്ഷണം നൽകി കൊലപ്പെടുത്തിയെന്നാണ് ജോളിക്കെതിരായ പ്രോസിക്യൂഷൻ കേസ്. ആദ്യം ആത്മഹത്യയെന്ന നിലയിലാണ് സംഭവം വിലയിരുത്തപ്പെട്ടിരുന്നത്. എന്നാൽ വർഷങ്ങൾക്കുശേഷം ബന്ധുക്കളുടെ പരാതിയും തുടർന്ന് നടന്ന വിശദമായ അന്വേഷണവും പുറത്തുകൊണ്ടുവന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കേസ് കൊലപാതകമായി പുനരന്വേഷിക്കുകയും ജോളിയെ പ്രതിയാക്കുകയും ചെയ്തത്. കേസിന്റെ വിചാരണ അവസാന ഘട്ടത്തിലെത്തിയ സാഹചര്യത്തിൽ കോടതിയുടെ വിധിക്കായി കാത്തിരിക്കുകയാണ് അന്വേഷണ സംഘവും ഇരുപക്ഷവും.



