കായംകുളത്തെ വീട്ടമ്മയുടെ മരണം പാമ്പുകടിയേറ്റുതന്നെ… ആശുപത്രി അധികൃതരുടെ വാദം തള്ളി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

ആലപ്പുഴ: കായംകുളം വ്യാപാരി വ്യവസായി സഹകരണ സംഘം സെക്രട്ടറി സെലീനയുടെ മരണം പാമ്പുകടിയേറ്റാണെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. സെലീനയുടെ ശരീരത്തിൽ പാമ്പുകടിയേറ്റതിന്റെ ലക്ഷണങ്ങളും വിഷാംശത്തിന്റെ സാന്നിധ്യവും കണ്ടെത്തി. ഇതോടെ, കടിയേറ്റതിന്റെ ലക്ഷണങ്ങളില്ലെന്ന് പറഞ്ഞ് ചികിത്സാ പിഴവ് വരുത്തിയ കായംകുളം താലൂക്ക് ആശുപത്രി അധികൃതർ പ്രതിക്കൂട്ടിലായി.

കഴിഞ്ഞ വ്യാഴാഴ്ച ചേരാവള്ളി സ്വദേശിനി സെലീന കൊറ്റുകുളങ്ങരയിൽ ഒരു വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാൻ പോയപ്പോഴാണ് അപകടമുണ്ടായത്. ആളൊഴിഞ്ഞ പറമ്പിൽ പാർക്ക് ചെയ്തിരുന്ന തന്റെ ഇരുചക്ര വാഹനം എടുക്കാൻ പോയ സെലീനയെ പാമ്പ് കടിക്കുകയായിരുന്നു. ഉടൻ തന്നെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും സെലീന മരണത്തിന് കീഴടങ്ങി.

സെലീനയ്ക്ക് കൃത്യസമയത്ത് ആന്റിവെനം നൽകാൻ ആശുപത്രി അധികൃതർ തയ്യാറായില്ലെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. എന്നാൽ സെലീനയുടെ ശരീരത്തിൽ പാമ്പുകടിയേറ്റതിന്റെ ലക്ഷണങ്ങൾ കണ്ടില്ലെന്നും അതുകൊണ്ടാണ് ആന്റിവെനം നൽകാതിരുന്നതെന്നുമാണ് ആശുപത്രി അധികൃതർ നൽകിയ വിശദീകരണം. ഈ വാദമാണ് ഇപ്പോൾ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകളോടെ പൊളിഞ്ഞിരിക്കുന്നത്.

ശരീരത്തിൽ വിഷാംശം കണ്ടെത്തിയ സാഹചര്യത്തിൽ, ഇത് കൂടുതൽ ഉറപ്പിക്കാനായി ആന്തരിക അവയവങ്ങളുടെ സാമ്പിളുകൾ വിദഗ്ധ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ആശുപത്രിയുടെ ഭാഗത്ത് നിന്ന് ചികിത്സയിൽ വീഴ്ചയുണ്ടായെന്ന ആരോപണത്തിൽ ബന്ധുക്കൾ ഉറച്ചുനിൽക്കുകയാണ്. വരും ദിവസങ്ങളിൽ ആരോഗ്യവകുപ്പിന്റെ ഭാഗത്ത് നിന്ന് കൂടുതൽ അന്വേഷണമുണ്ടാകുമെന്നാണ് സൂചന.

Related Articles

Back to top button