ചോദ്യംചെയ്യലിൽ ഉടനീളം ഒരു ഭാവഭേദവുമില്ല, പക്ഷേ പൊലീസിൻറെ ഒരു ചോദ്യത്തിന് പൊട്ടിക്കരഞ്ഞ് കരുവാറ്റയിലെ 13കാരി

ആലപ്പുഴ: കരുവാറ്റയിലെ വയോധികൻറെ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത ബന്ധുവായ 13 കാരി അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ പൊട്ടിക്കരഞ്ഞു. മാതാപിതാക്കളുടെ സ്നേഹം അറിഞ്ഞിട്ടില്ലെന്ന് പൊലീസിനോട് മുഖ്യാസൂത്രകയായ പെൺകുട്ടി പറഞ്ഞു. ചോദ്യം ചെയ്യലിൽ ഉടനീളം ഒരു ഭാവഭേദവും ഇല്ലാതിരുന്ന പെൺകുട്ടി വീട്ടിലെ സാഹചര്യത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് പൊട്ടിക്കരഞ്ഞത്. കൗമാരക്കാരുടെ കുടുംബാന്തരീക്ഷവും സാമൂഹിക സാഹചര്യങ്ങളും ക്രൂരകൃത്യത്തിൽ സ്വാധീനിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

കുട്ടിയുടെ മാതാപിതാക്കൾ നിയമപരമായി വേർപിരിഞ്ഞവരാണ്. വിദേശത്ത് ജോലി ചെയ്യുന്ന അമ്മ ഇടയ്ക്ക് 10 ദിവസത്തേക്ക് നാട്ടിൽ വന്നുപോകും. നാട്ടിൽ ബന്ധുക്കളുടെ കൂടെയാണ് 13കാരി താമസിച്ചിരുന്നത്. കൊലപാതകത്തിൻറെ ഭാഗമായ മറ്റുള്ള കൌമാരക്കാരിലും കുടുംബാന്തരീക്ഷത്തിൽ പ്രശ്നങ്ങളുണ്ടെന്ന് പൊലീസ് പറയുന്നു. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കാളികളായ മൂന്ന് പേരെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. 13കാരിയെ ഇന്ന് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കും.

65 വയസ്സുകാരനായ ശിവൻകുട്ടിയെ കരുവാറ്റ മാടപ്പുരയ്ക്കലുള്ള വാടക വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത് കഴിഞ്ഞ ദിവസമാണ്. കൊലപാതകത്തിന് പിന്നിൽ ശിവൻകുട്ടിയുടെ ബന്ധുവായ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയും പ്രായപൂർത്തിയാകാത്ത മറ്റു മൂന്ന് ആൺ സുഹൃത്തുക്കളുമാണെന്ന് പൊലീസ് കണ്ടെത്തി. ശിവൻകുട്ടിയും ഭാര്യയും ഇളയ മകളും 13കാരിയും ഈ വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ശിവൻകുട്ടിയുടെ ഭാര്യ മകളുടെ പ്രസവവുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ പോയ സമയത്ത് 13കാരി ഒരു സുഹൃത്തിൻറെ വീട്ടിലേക്ക് മാറി താമസിച്ചു. ശിവൻകുട്ടി വീട്ടിൽ ഒറ്റയ്ക്കായ സമയത്ത് വീട്ടിൽ കയറി മോഷണം നടത്തി സ്വർണ്ണം കവരണമെന്ന നിർദ്ദേശം 13കാരി കൊല്ലം സ്വദേശികളായ മൂന്ന് കൗമാരക്കാർക്ക് നൽകിയെന്നാണ് പൊലീസിൻറെ കണ്ടെത്തൽ.

മൂന്ന് പേരും ശനിയാഴ്ച രാത്രി വീട്ടിലെത്തി ശിവൻകുട്ടിയെ കൊന്നു. കൊലപാതക ദൃശ്യങ്ങൾ വീഡിയോ കോളിലൂടെ പെൺകുട്ടിയെ കാണിച്ചു. വീട്ടിൽ ഉണ്ടായിരുന്ന സ്വർണവുമായി മടങ്ങിയെന്നാണ് പൊലീസ് കണ്ടെത്തൽ. പെൺകുട്ടിക്ക് മൊബൈൽ ഫോണും കൊലപാതകത്തിൽ പങ്കാളികളായ മറ്റു മൂന്നു കൗമാരക്കാർക്കും ബൈക്കും വാങ്ങാനുള്ള പണം സമാഹരിക്കാൻ ആണ് മോഷണവും കൊലപാതകവും ആസൂത്രണം ചെയ്തത് എന്ന് പൊലീസ് കരുതുന്നു. എന്നാൽ ശിവൻകുട്ടിയോട് തനിക്ക് മുൻവൈരാഗ്യം ഉണ്ടായിരുന്നെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകി. തന്നെ വയോധികൻ മോശമായി സ്പർശിച്ചു എന്നാണ് പെൺകുട്ടിയുടെ മൊഴി. പക്ഷേ മുൻ വൈരാഗ്യത്തിന് കുട്ടി പറഞ്ഞ കാരണങ്ങൾ പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. കൊലപാതകത്തിലെ മുഖ്യ ആസൂത്രക 13 കാരി തന്നെയാണെന്നാണ് പൊലീസിൻറെ കണ്ടെത്തൽ.

Related Articles

Back to top button