കാഫിര്‍ സ്‌ക്രീന്‍ഷോട്ട്….വെല്ലുവിളിയുമായി ജിതിന്‍ ഭാസ്‌കർ….

ഫേസ്ബുക്കിലൂടെ വെല്ലുവിളിയുമായി കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഡിവൈഎഫ്ഐ നേതാവ് ജിതിന്‍ ഭാസ്‌കര്‍. പത്ത് പേര്‍ക്കെങ്കിലും സ്‌ക്രീന്‍ഷോട്ട് അയച്ച് നല്‍കിയെന്ന് തെളിയിക്കാനാകുമോ എന്നാണ് വെല്ലുവിളി. പാര്‍ട്ടി നേതൃത്വം പറഞ്ഞത് കൊണ്ടാണ് കൂടുതല്‍ പ്രതികരിക്കാത്തതെന്നും ജിതിന്‍ പറയുന്നു. കഴിഞ്ഞ ദിവസമാണ് ജാമ്യം ലഭിച്ച് ജിതിന്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയത്.
തെരഞ്ഞെടുപ്പ് കാലത്ത് തന്റെ ബ്രോഡ്കാസ്റ്റ് ഗ്രൂപ്പിലൂടെയാണ് എല്‍ഡിഎഫിന് വേണ്ടി പ്രചരണം നടത്തിയിരുന്നത്. ഇതില്‍ കോണ്‍ഗ്രസുകാര്‍ ഉള്‍പ്പടെ 250ഓളം പേരുണ്ട്. താന്‍ 200 പേര്‍ക്ക് പോസ്റ്റ് ഷെയര്‍ ചെയ്തു എന്നാണല്ലോ പറയുന്നത്. എന്നാല്‍ താന്‍ 10 പേര്‍ക്കെങ്കിലും കാഫിര്‍ സ്‌ക്രീന്‍ഷോട്ട് അയച്ചതിന് തെളിവ് തരാനാകുമോ എന്നാണ് ജിതിന്‍ ഭാസ്‌കറിന്റെ വെല്ലുവിളി.ഇത് കാണിക്കാനായാല്‍ കാഫിര്‍ സ്‌ക്രീന്‍ഷോട്ടിന് പിന്നില്‍ താനാണെന്ന് ഉറപ്പിച്ചോളൂ എന്നും ജിതിന്‍ ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു. കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമുള്ള ജിതിന്‍ ഭാസ്‌കറിന്റെ ആദ്യ പ്രതികരണമാണ് ഇത്. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയപ്പോള്‍ സിപിഐഎം നേതൃത്വം ജയിലിന് പുറത്ത് ജിതിന് സ്വീകരണമൊരുക്കിയത് നേരത്തെ വിവാദമായിരുന്നു.



