കാഫിർ സ്ക്രീൻഷോട്ട് കേസ്….പ്രതിയായ ഡിവൈഎഫ്ഐ നേതാവിനെ 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു..

കാഫിർ സ്ക്രീൻഷോട്ട് കേസിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് പ്രതിയെ വടകര ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതി റിമാൻ്റ് ചെയ്തത്. വ്യാജ സ്ക്രീൻഷോട്ട് ആദ്യം പങ്കുവെച്ച ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിനിടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് രണ്ടാമത്തെ ആഴ്ചയാണ് അറസ്റ്റിലേക്ക് കടക്കുന്നത്.
ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മറ്റി മെമ്പറും സിപിഎം തിരുവള്ളൂർ തുരുത്തി ലോക്കൽ കമ്മറ്റി അംഗവുമാണ് ജിതിൻ ഭാസ്‍കർ. വടകര സ്ക്വാഡ് എന്ന വാട്സാപ്പ് ഗ്രൂപ്പിലാണ് സ്ക്രീൻ ഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടതെന്ന് എസ്ഐടി കണ്ടെത്തിയിരുന്നു. വാട്സാപ്പ് ഗ്രൂപ്പിന്റെ അഡ്മിനായ ജിതിൻ ഭാസ്കറാണ് സ്ക്രീൻഷോട്ട് ഗ്രൂപ്പിൽ ആദ്യം പങ്കുവെച്ചത്. ഈ ഗ്രൂപ്പിൽ നിന്നാണ് മറ്റിടങ്ങളിലേക്ക് വ്യാപകമായി പ്രചരിച്ചത്. നേരത്തെ ചോദ്യം ചെയ്തിരുന്ന ജിതിൻ ഭാസ്കറിനെ ഇന്ന് വീണ്ടും വിളിച്ച് വരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
