ഹരിത സാവിത്രിക്കെതിരെ അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്ത് കെആര്‍ മീര….

എഴുത്തുകാരി ഹരിത സാവിത്രിക്കെതിരെ അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്ത് കെആര്‍ മീര. കെആര്‍ മീരയുടെ ‘കലാച്ചി’ എന്ന നോവല്‍ തന്റെ ‘സിന്’ എന്ന നോവലിന്റെ കോപ്പിയടിയാണെന്ന ഹരിതയുടെ ആക്ഷേപത്തിലാണ് കേസ്. നവംബര്‍ ഏഴിന് തൃശൂര്‍ ചീഫ് ജ്യൂഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി കേസ് പരിഗണിക്കും.പ്രതിയായ ഹരിത സാവിത്രി 2026 മേയ് 5ന് ഫെയ്സ്ബുക്കില്‍ പങ്കുവച്ച പോസ്റ്റും തുടര്‍ന്നുണ്ടായ സാമൂഹിക മാധ്യമ പ്രതികരണങ്ങളും ചാനല്‍ അഭിമുഖങ്ങളും വഴി ‘കലാച്ചി’ എന്ന നോവലിന്റെ മൗലികതയെ ചോദ്യം ചെയ്യുകയും കെആര്‍ മീരയുടെ സാഹിത്യപ്രതിച്ഛായയ്ക്ക് ഗുരുതരമായ ക്ഷതം വരുത്തുകയും ചെയ്തുവെന്നാണ് പരാതിയിലെ പ്രധാന ആരോപണം.
‘കലാച്ചി’ എന്ന നോവലിന്റെ രചനാപരമായ ആശയം 2013 മുതല്‍ രൂപപ്പെട്ടതാണെന്നും 2020 നവംബര്‍ 16 മുതല്‍ ‘ട്രൂകോപ്പി തിങ്കി’ല്‍ ഇതേ പേരില്‍ നോവലിന്റെ ആദ്യ ആറ് അധ്യായങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നുവെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. നോവലിലെ കഥാപാത്രങ്ങളും കഥാപശ്ചാത്തലവും പ്രധാന പ്രമേയങ്ങളും വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ പൊതുസമൂഹത്തിന് ലഭ്യമായിരുന്നുവെന്നതിന് രേഖകളും പരാതിയോടൊപ്പം ഹാജരാക്കിയിട്ടുണ്ട്.



