സിഎംആർഎൽ–എക്സാലോജിക് കേസ് തെളിവില്ലാതെ എടുത്തതെന്ന്…

തിരുവനന്തപുരം: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകണമായിരുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഇക്കാര്യം ഇന്ന് കോടതി തന്നെ ചൂണ്ടിക്കാട്ടിയെന്നും ഒരു തെളിവുമില്ലാതെയാണ് കേസെടുത്തിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
കേന്ദ്ര ഏജൻസികൾ കേസെടുക്കണമെന്ന് നിർദേശിച്ചപ്പോൾ തമിഴ്നാടും പഞ്ചാബും അത് നിരാകരിച്ചെന്നും കേരളത്തിൽ പ്രാഥമിക അന്വേഷണം നടത്താനാണ് തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യം ബിജെപിയുടെ താൽപര്യങ്ങൾ നടപ്പാക്കുന്നതിലേക്ക് നയിക്കുമെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു. ഇത് കോൺഗ്രസിന്റെ നയമാണോയെന്നും ആ നയമാണോ മുഖ്യമന്ത്രി വി.ഡി. സതീശൻ നടപ്പാക്കുന്നതെന്നും വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര ഏജൻസികൾക്കെതിരെ സംസ്ഥാനത്തെ രണ്ട് കേന്ദ്രങ്ങളിൽ സെമിനാറുകൾ സംഘടിപ്പിക്കുമെന്നും അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനെ ആർഎസ്എസിന്റെ ചട്ടുകമായി ഉപയോഗിക്കുകയാണെന്ന് എം.വി. ഗോവിന്ദൻ ആരോപിച്ചു. ഇതിനെതിരെയാണ് രാജ്യവ്യാപക പ്രക്ഷോഭം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്താകെ 13 കോടിയിലധികം വോട്ടർമാരെ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും ഇതിനെതിരായ പ്രക്ഷോഭത്തിൽ എല്ലാവരും ഒരുമിക്കുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. സമരരംഗത്തെ ഐക്യം അതിജീവിക്കുമെന്നതിന്റെ തെളിവാണെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു. നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടവുമായി ബന്ധപ്പെട്ട വിവാദത്തിലും എം.വി. ഗോവിന്ദൻ പ്രതികരിച്ചു. സർക്കാർ കൊലയാളിയെ സംരക്ഷിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ദുർബലമായ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തതെന്നും പ്രതിയെ ജയിലിലേക്ക് അയക്കുന്നതിനു പകരം ബോസ്റ്റൽ ഹോമിലേക്കാണ് അയച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇതിനു പിന്നിൽ ഇടപെടലുണ്ടെന്നും എഫ്ഐആറിൽ പ്രതിയുടെ പേരോ മദ്യപിച്ചിരുന്നതായുള്ള വിവരമോ ഇല്ലെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു.




