റിയാസിന്റെ ഭാര്യയായതുകൊണ്ട് വീണയ്ക്ക് ബിസിനസ് തുടങ്ങാൻ പാടില്ലേ… ഇഡിക്കെതിരെ എം. മെഹബൂബ്

കോഴിക്കോട്: മുഹമ്മദ് റിയാസിന്റെ ഭാര്യയായതുകൊണ്ട് വീണാ വിജയന് ബിസിനസ് തുടങ്ങാൻ പാടില്ലേയെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി എം. മെഹബൂബ്. ഇഡിക്ക് പരിശോധന നടത്താം, എന്നാൽ ജനാധിപത്യ മര്യാദ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിലായിരുന്നു പ്രതികരണം.
ലേക്കർ ഇന്ത്യ എന്ന സ്ഥാപനത്തിന് ആവശ്യമായ എല്ലാ ലൈസൻസുകളുമുണ്ടെന്നും മുഹമ്മദ് റിയാസ് തെരഞ്ഞെടുപ്പ് കമ്മീഷന് കൃത്യമായ കണക്കുകൾ നൽകിയിട്ടുണ്ടെന്നും എം. മെഹബൂബ് പറഞ്ഞു. നിയമാനുസൃതമായ കുറ്റാന്വേഷണ നടപടികളെ സ്വാഗതം ചെയ്യുന്നു. എന്നാൽ അന്വേഷണം രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിച്ചാൽ പാർട്ടി നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. മുഹമ്മദ് റിയാസ് സംശുദ്ധനും കഴിവ് തെളിയിച്ച പൊതുമരാമത്ത് മന്ത്രിയുമായിരുന്നുവെന്നും അദ്ദേഹത്തിനെതിരെ ചില മാധ്യമങ്ങളെ സ്വാധീനിച്ച് ലേക്കർ ഇന്ത്യയുമായി ബന്ധപ്പെടുത്തി ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും എം. മെഹബൂബ് ആരോപിച്ചു. ലേക്കർ ഇന്ത്യയ്ക്ക് ആവശ്യമായ രേഖകളെല്ലാമുണ്ടെന്നും ലോകം അറിയുന്ന 25 ബിസിനസ് കസ്റ്റമർമാർ സ്ഥാപനത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മാസപ്പടി കേസിൽ ഇഡിയും സിപിഎമ്മും നേർക്കുനേർ പോരിലേക്ക് നീങ്ങുകയാണ്. പിണറായി വിജയന്റെ പേര് ഉൾപ്പെടുത്തി ഇഡി വാർത്താക്കുറിപ്പ് പുറത്തിറക്കിയതും വീണാ വിജയനെതിരെ തെളിവുകളുണ്ടെന്ന അന്വേഷണ ഏജൻസിയുടെ വിശദീകരണവും രാഷ്ട്രീയ വിവാദം ശക്തമാക്കിയിട്ടുണ്ട്. തുടരന്വേഷണത്തിന്റെ ഭാഗമായി വീണയെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കുമെന്നാണ് ഇഡി വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ. ഇഡി സാധാരണ വാർത്താക്കുറിപ്പ് ഇറക്കാറില്ലെന്നും തന്റെ സ്ഥാനപ്പേരടക്കം ഉൾപ്പെടുത്തി ഇത്തരമൊരു വാർത്താക്കുറിപ്പ് പുറത്തിറക്കിയത് ശരിയായ നടപടിയല്ലെന്നുമായിരുന്നു പിണറായി വിജയന്റെ പ്രതികരണം.



