ഒരാഴ്ച കഴിഞ്ഞാൽ സ്കോച്ച് വിസ്‌കിക്ക് വില കുറയുമോ?

ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാർ വരുന്ന 15ആം തീയതി പ്രാബല്യത്തിൽ വരുന്നതോടെ വിദേശ മദ്യത്തിന്റെ വിലയിൽ കാര്യമായ കുറവുണ്ടാകാൻ പോകുന്നു. വിസ്‌കിയുടെയും ജിന്നിന്റെയും നിലവിലെ ഇറക്കുമതി തീരുവയായ 150 ശതമാനത്തിൽ നിന്ന് തുടക്കത്തിൽ 75 ശതമാനമായും, കരാറിന്റെ പത്താം വർഷത്തോടെ 40 ശതമാനമായും കുറയ്ക്കാനാണ് തീരുമാനം.

എന്നാൽ, ഇറക്കുമതി തീരുവ പകുതിയായി കുറയുന്നുണ്ടെങ്കിലും അതിനനുസരിച്ചുള്ള വലിയൊരു വിലക്കുറവ് വിപണിയിൽ പെട്ടെന്ന് പ്രതീക്ഷിക്കേണ്ടതില്ല. ഉപഭോക്താക്കൾ നൽകുന്ന അന്തിമ വിലയുടെ ഒരു ചെറിയ ഭാഗം മാത്രമാണ് ഇറക്കുമതി തീരുവ. സംസ്ഥാനങ്ങളിലെ എക്‌സൈസ് ഡ്യൂട്ടി, വാറ്റ്, വിതരണക്കാരുടെയും വ്യാപാരികളുടെയും ലാഭവിഹിതം, പാക്കേജിങ്, മാർക്കറ്റിംഗ് തുടങ്ങിയവയാണ് വിലയുടെ വലിയൊരു ശതമാനവും. അതിനാൽ വിലക്കുറവ് ഒറ്റയടിക്ക് ഉണ്ടാകില്ലെന്നും ഓരോ സംസ്ഥാനത്തും ഇത് വ്യത്യസ്തമായിരിക്കുമെന്നും വിദഗ്ധർ പറയുന്നു

താമസിക്കുന്ന സംസ്ഥാനത്തെയും വാങ്ങുന്ന സ്‌കോച്ചിനെയും ആശ്രയിച്ചായിരിക്കും ലാഭം എത്രയെന്ന് തീരുമാനിക്കപ്പെടുക. തുടക്കത്തിൽ വിലയിൽ 5 മുതൽ 10 ശതമാനം വരെ കുറവുണ്ടായേക്കാം. സ്‌കോട്ട്ലൻഡിൽ തന്നെ നിർമിച്ച്, ലേബൽ ചെയ്ത് കുപ്പിയിലാക്കി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ‘ബോട്ടിൽഡ്-ഇൻ-ഒറിജിൻ’ സ്‌കോച്ച് വിസ്‌കികൾക്കാണ് ഈ കരാറിലൂടെ ഏറ്റവും കൂടുതൽ വില കുറയുക. എന്നാൽ, ബൾക്കായി ഇറക്കുമതി ചെയ്ത് ഇന്ത്യയിൽ വെച്ച് കുപ്പിയിലാക്കുന്നവയ്ക്ക് വലിയ മാറ്റമുണ്ടാകില്ല. ഇന്ത്യയിൽ കുപ്പിയിലാക്കുന്ന സ്‌കോച്ചിന്റെ അതേ വിലയിൽ കൂടുതൽ വിദേശ ബ്രാൻഡുകൾ വിപണിയിൽ എത്തിയേക്കും.

ഉദാഹരണത്തിന്, 750 മില്ലിലീറ്ററിന്റെ ജോണി വാക്കർ ബ്ലാക്ക് ലേബൽ (12 വർഷം പഴക്കമുള്ളത്), ഷിവാസ് റീഗൽ (12 വർഷം പഴക്കമുള്ളത്) എന്നീ സ്‌കോച്ച് വിസ്‌കികൾക്ക് നിലവിൽ വിപണിയിൽ 3,888 രൂപയാണ് വില. 5-10 ശതമാനം വില കുറയുന്നതോടെ ഇതിന്റെ വില 3,499 രൂപയ്ക്കും 3,694 രൂപയ്ക്കും ഇടയിലാകും. അതായത് ഒരു കുപ്പിക്ക് 194 രൂപ മുതൽ 389 രൂപ വരെ ഉപഭോക്താക്കൾക്ക് ലാഭിക്കാം.

പുതിയ വില എപ്പോൾ മുതൽ പ്രാബല്യത്തിൽ വരും?
വിലക്കുറവുള്ള മദ്യം കടകളിൽ എത്താൻ ഉപഭോക്താക്കൾ ഇനിയും കാത്തിരിക്കേണ്ടി വരും. കരാർ നടപ്പിലാക്കി ആറുമാസം മുതൽ ഒരു വർഷം വരെ സമയമെടുത്തേക്കാം ഈ മാറ്റങ്ങൾ പ്രകടമാകാൻ. പഴയ സ്റ്റോക്കുകൾ വിറ്റുതീർക്കുകയും, പുതിയ എം.ആർ.പി സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്യുകയും ചെയ്തതിന് ശേഷം മാത്രമേ ഉപഭോക്താക്കൾക്ക് ഇതിന്റെ ഗുണം ലഭിച്ചു തുടങ്ങുകയുള്ളൂ.

Related Articles

Back to top button