കുറുനരിയുടെ വിളയാട്ടം, വനംവകുപ്പിന്റെ ഇടപെടൽ ആവശ്യപ്പെട്ട് നാട്ടുകാർ

തൃശൂരിൽ കുറുനരിയുടെ വിളയാട്ടം. പാവറട്ടിയിലെ തീരദേശ മേഖലയിൽ ഭീതി വ്യാപിക്കുന്നു. ഒരാഴ്ചയ്ക്കിടെ എട്ട് പേരെയാണ് കുറുനരി കടിച്ചത്. കടിയേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. കുറുനരികളെ പിടികൂടി മാറ്റണമെന്നാണ് ആവശ്യം. സംഭവത്തെ തുടർന്ന് പാവറട്ടി പഞ്ചായത്ത് വനംവകുപ്പിനെ സമീപിച്ചു. പ്രദേശത്ത് നാളുകളായി കുറുനരി വിലസുകയാണെന്നാണ് നാട്ടുകാരുടെ പരാതി.
കഴിഞ്ഞയാഴ്ച ഒരു യുവാവിനെ കുറുനരി ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അപ്രതീക്ഷിത സമയങ്ങളിലാണ് ആക്രമണങ്ങൾ നടക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. മരുതയൂർ സ്വദേശിനിയായ രാധയെ വീട്ടിനകത്ത് കിടന്നുറങ്ങുന്നതിനിടെയാണ് കുറുനരി ആക്രമിച്ചത്.
മനുഷ്യരെ മാത്രമല്ല, നാല് പശുക്കളെയും ചില നായ്ക്കളെയും കുറുനരി ആക്രമിച്ചിട്ടുണ്ടെന്നും പ്രദേശവാസികൾ പറയുന്നു. സുരക്ഷ മുൻനിർത്തി വീടുകൾക്ക് സമീപമുള്ള പൊന്തക്കാടുകൾ വെട്ടിമാറ്റാൻ പഞ്ചായത്ത് നോട്ടീസ് നൽകിയിട്ടുണ്ട്. എന്നാൽ തീരദേശ മേഖലയിലെ കണ്ടൽക്കാടുകൾ നീക്കം ചെയ്യാൻ കഴിയാത്തത് പ്രതിസന്ധി വർധിപ്പിക്കുകയാണ്.
വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂൾ-1 വിഭാഗത്തിൽപ്പെടുന്ന ജീവിയായതിനാൽ കുറുനരികളെ പിടികൂടാൻ പ്രത്യേക അനുമതിയും നടപടിക്രമങ്ങളും ആവശ്യമാണ്. നിയമാനുസൃതമായി കൂടുകൾ സ്ഥാപിച്ച് ഇവയെ പിടികൂടി മാറ്റണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.



