അത് വെറുമൊരു പേരുമാറ്റമല്ല… വടശ്ശേരി ദാമോദരമേനോൻ സതീശനെന്ന് വി.ഡി. സതീശനെ പരിഹസിച്ച് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ്

തൃശൂർ: പ്രമുഖ സാഹിത്യകാരൻ കൽപ്പറ്റ നാരായണനെതിരെയും മുഖ്യമന്ത്രി വി.ഡി. സതീശനെതിരെയും കടുത്ത രാഷ്ട്രീയ വിമർശനവുമായി എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ്. മുഖ്യമന്ത്രി വി.ഡി. സതീശനെ ‘നെഹ്റുവിയൻ സോഷ്യലിസ്റ്റ്’ എന്ന് വിശേഷിപ്പിച്ച കൽപ്പറ്റ നാരായണന്റെ നിലപാടിനെതിരെയാണ് എസ്.എഫ്.ഐ രംഗത്തുവന്നത്. കൽപ്പറ്റ നാരായണൻ ഇത്രത്തോളം നിഷ്കളങ്കനാകരുതെന്ന് ശിവപ്രസാദ് ഒളിയമ്പെയ്തു. വി.ഡി. സതീശൻ വടശ്ശേരി ദാമോദരമേനോൻ സതീശനായി പരിവർത്തനപ്പെട്ടത് ഒരു ദിവസം കൊണ്ടല്ലെന്നും അതൊരു വെറും പേരുമാറ്റം മാത്രമല്ലെന്നും ശിവപ്രസാദ് ആരോപിച്ചു.
എം.ജി സർവ്വകലാശാല സെനറ്റ് നോമിനേഷനുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനും ബി.ജെ.പിയും തമ്മിൽ കൃത്യമായ സന്ധിയുണ്ടെന്ന് എസ്.എഫ്.ഐ ആരോപിച്ചു. ബി.ജെ.പി നേതാവ് ഹരി എസ്. കർത്തയും വി.ഡി. സതീശനും തമ്മിൽ സന്ധി ചെയ്തിരിക്കുകയാണ്. രാജ് ഭവനിലെ ഹരി എസ്. കർത്തയും മുഖ്യമന്ത്രിയും തമ്മിലുള്ള ബന്ധം എന്താണെന്ന് പരസ്യമായി തുറന്നുപറയാൻ സതീശൻ തയ്യാറാകണം. ഈ രഹസ്യ സന്ധിയുടെ ഭാഗമായാണ് എം.ജി. സർവകലാശാല സെനറ്റിലേക്ക് ബി.ജെ.പി അനുഭാവികളെ ഗവർണർ നോമിനേറ്റ് ചെയ്തത്. ആർ.എസ്.എസുകാരുടെ രാഷ്ട്രീയം നോക്കി പോകാറില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാൽ മുഖ്യമന്ത്രി മുൻപ് കെ.എസ്.യു സംഘടനാ പ്രവർത്തനം നടത്തിയ എറണാകുളം ജില്ലയിലെ എം.ജി യൂണിവേഴ്സിറ്റിയിൽ ഗവർണർ എങ്ങനെയാണ് ആർ.എസ്.എസുകാരെ നോമിനേറ്റ് ചെയ്തതെന്ന് അദ്ദേഹം വ്യക്തമാക്കണം.
എം.ജി സർവ്വകലാശാല വി.സിയുടെ കാലാവധി കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് അവസാനിച്ചതെന്ന വി.ഡി. സതീശന്റെ വാദം പച്ചക്കള്ളമാണെന്ന് ശിവപ്രസാദ് കുറ്റപ്പെടുത്തി. ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമാണ് വി.സിയുടെ കാലാവധി അവസാനിച്ചത്. ഇക്കാര്യങ്ങളൊന്നും താൻ അറിഞ്ഞിരുന്നില്ലെന്ന് തുറന്നുപറയാൻ ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ തയ്യാറാകണമെന്നും എം. ശിവപ്രസാദ് കൂട്ടിച്ചേർത്തു.



