ഐടി ഉദ്യോഗസ്ഥ കാർത്തികയുടെ മരണം…. ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം…. മുഖ്യമന്ത്രിക്ക് പരാതി നൽകി

കൊല്ലം: അഞ്ചൽ സ്വദേശിനിയും ഐടി ഉദ്യോഗസ്ഥയുമായിരുന്ന കാർത്തിക വി. നായരുടെ (35) മരണത്തിൽ ദുരൂഹത ആരോപിച്ച് മാതാപിതാക്കൾ രംഗത്ത്. കഴിഞ്ഞ ഫെബ്രുവരി 20-ന് ബെംഗളൂരുവിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കാർത്തികയെ അപായപ്പെടുത്തിയതാകാമെന്ന് ആരോപിച്ച് പിതാവ് വേണുഗോപാലൻ നായരും മാതാവ് ഇന്ദിരകുമാരിയും മുഖ്യമന്ത്രിയെയും ഡിജിപിയെയും സമീപിച്ചു.

അഞ്ചടി ഏഴിഞ്ച് ഉയരമുള്ള കാർത്തിക ആറടി മാത്രം ഉയരമുള്ള ശുചിമുറിയുടെ വെന്റിലേറ്ററിൽ തൂങ്ങിമരിച്ചു എന്നത് വിശ്വസിക്കാനാവില്ലെന്ന് കുടുംബം പറയുന്നു. മൃതദേഹം കണ്ടെത്തുമ്പോൾ ശുചിമുറിയുടെ വാതിൽ തുറന്നുകിടക്കുകയായിരുന്നു. മരണസമയത്ത് ഭർത്താവ് ഫ്ലാറ്റിന് സമീപമുണ്ടായിരുന്നു. ലിഫ്റ്റ് ഒഴിവാക്കി അദ്ദേഹം ഗോവണി വഴി ഇറങ്ങിപ്പോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. “അമ്മയെ ആശുപത്രിയിൽ കൊണ്ടുപോകാൻ” അഞ്ചു വയസ്സുകാരിയായ മകൾ വിളിച്ചുപറഞ്ഞതായും കുടുംബം ആരോപിക്കുന്നു. മെക്സിക്കോയിൽ ജോലിക്ക് പോയി വന്നതിന് ശേഷം ഭർത്താവ് കാർത്തികയുമായി അകന്നിരുന്നു. പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കാർത്തിക അയച്ച വാട്സാപ്പ് സന്ദേശങ്ങൾ കുടുംബത്തിന്റെ പക്കലുണ്ട്.

സംഭവം നടന്ന് മാസങ്ങൾ പിന്നിട്ടിട്ടും ബെംഗളൂരു പോലീസ് കൃത്യമായ അന്വേഷണം നടത്തുന്നില്ലെന്ന് മാതാപിതാക്കൾ പരാതിപ്പെടുന്നു. മകൾ ജോലി കഴിഞ്ഞു ഫ്ലാറ്റിലെത്തുന്ന സിസിടിവി ദൃശ്യങ്ങൾ ലഭ്യമാണെന്നും അതിന് തൊട്ടുപിന്നാലെയാണ് മരണം സംഭവിച്ചതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ഐടി മേഖലയിൽ ജോലി ചെയ്യുന്ന ഭർത്താവിനെതിരെ കൃത്യമായ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

തിരുവനന്തപുരം പട്ടം സ്വദേശിയായ ഭർത്താവിനൊപ്പമാണ് എംടെക് ബിരുദധാരിയായ കാർത്തിക ബെംഗളൂരുവിൽ താമസിച്ചിരുന്നത്. മകളുടെ മരണത്തിന് പിന്നിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ ഏതറ്റം വരെയും പോകുമെന്ന് കുടുംബം വ്യക്തമാക്കി.

Related Articles

Back to top button